tanur

താനൂർ : താനൂർ ഹാർബറിന്റെ രണ്ടാംഘട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. 13.90 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് ഈ മാസം അവസാനത്തോടെ തുടക്കമാവുക. 3.19 കോടി ചെലവിൽ ഇടത്തരം മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കാൻ സഹായകമാവുന്ന രണ്ടു ജെട്ടികൾ,ചെറിയ വള്ളങ്ങൾക്ക് വേണ്ടിയുള്ള ലോ ലെവൽ ജെട്ടി (വലിയ ജെട്ടിക്ക് സമീപം) അതിനോടനുബന്ധിച്ച് ലേലപ്പുര,1.48 കോടി രൂപ ചെലവിൽ വല നെയ്ത്ത് കേന്ദ്രം,മത്സ്യബന്ധന തൊഴിലാളികൾക്ക് യന്ത്ര ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർറൂമുകൾ,കാന്റീൻ,ബോട്ട് റിപ്പയർ വർക്ക് ഷോപ്,മൂന്ന് കോടി 86 ലക്ഷം രൂപ ചെലവിൽ ഹാർബറിലെ നിലവിലെ പ്രവർത്തന സ്ഥലം വർധിപ്പിക്കുന്നതിനും സ്ഥല സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ലാൻഡ് ഡെവലപ്‌മെന്റ്, ലാൻഡ് ഫില്ലിംഗ് പ്രവൃത്തികൾ, രണ്ട് കോടി 15 ലക്ഷം ചെലവിൽ ഹാർബറിലെ ജലസൗകര്യത്തിനാവശ്യമായ വാട്ടർ ടാങ്ക്, കിണർ, പൈപ്പ് സംവിധാനങ്ങൾ, ചുറ്റുമതിൽ, ഹാർബറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഒരു കോടി 67 ലക്ഷം രൂപ ചെലവിൽ ലോഡിംഗ് പാർക്കിങ് ഏരിയകൾ, ഇന്റെർണൽ റോഡുകൾ, 28 ലക്ഷം രൂപ ചെലവിൽ ടോയ്‌ലറ്റ് ബ്ലോക്ക്, 38 ലക്ഷം രൂപ ചെലവിൽ ഹാർബർ സുരക്ഷക്കായി മികച്ച ഗേറ്റ് കീപ്പിങ് സംവിധാനത്തോടെയുള്ള ഗേറ്റ് ഹൗസ്, കോസ്റ്റൽ പൊലീസ് എയ്ഡ്‌പോസ്റ്റ്, സി.സി.ടി.വി, ഹൈമാസ്റ്റ് ലൈറ്റുകൾ, മാലിന്യ സംസ്‌കരണ സംവിധാനം, ക്ലീനിങ് സൗകര്യങ്ങൾ എന്നിവയാണ് രണ്ടാം ഘട്ട വികസനത്തിൽ ഉൾപ്പെടുന്നത്.

ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തും. 55.8 കോടി രൂപ ചെലവഴിച്ചാണ് ഹാർബറിന്റെ ഒന്നാംഘട്ട വികസന പ്രവൃത്തികൾ പൂർത്തീകരിച്ചത്. 1,350 മീറ്റർ തെക്കേ പുലിമുട്ട്, 700 മീറ്റർ വടക്കേ പുലിമുട്ട്, വലിയ ജെട്ടി, ലേല ഹാൾ, മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, റിക്ലമേഷൻ ബണ്ട്, ഡ്രഡ്ജിങ് എന്നീ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ താനൂർ പുതിയകടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, എളാരൻ കടപ്പുറം, പണ്ടാരൻ കടപ്പുറം, ഒളർമൻ കടപ്പുറം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിവൃദ്ധിക്കും പൊന്നാനി മുതൽ ചാലിയം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും പദ്ധതി ഏറെ പ്രയോജനമാകുമെന്ന് മന്ത്രി പറഞ്ഞു.