മലപ്പുറം: മണ്ണെണ്ണ വള്ളങ്ങളുടെ പെർമിറ്റ് പുതുക്കി നൽകാൻ കാലതാമസം നേരിടുന്നുവെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ. മണ്ണെണ്ണ വില വർദ്ധനവിൽ ഏറെ പ്രതിസന്ധി അനുഭവിക്കുന്നതിനിടയ്ക്കാണ് പെർമിറ്റിലെ കാലതാമസവും മത്സ്യത്തൊഴിലാളികൾക്ക് വിനയായി മാറുന്നത്. ആയിരത്തിലധികം തൊഴിലാളികളാണ് അപേക്ഷ നൽകി പെർമിറ്റിനായി കാത്തിരിക്കുന്നത്.
അപേക്ഷകൾ സ്വീകരിക്കുന്ന നടപടികളെല്ലാം ജനുവരി പത്തോടെ പൂർത്തീകരിച്ചിരുന്നു. ജനുവരി 16ന് പെർമിറ്റ് നൽകാനുള്ള പരിശോധന നടത്താനായിരുന്നു ഫിഷറീസ് വകുപ്പിന്റെ തീരുമാനം. എന്നാൽ കൊവിഡ് വ്യാപന സാഹചര്യത്തിൽ പെർമിറ്റ് പരിശോധന നടത്താൻ സാധിച്ചില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായി. പൊന്നാനി, പരപ്പനങ്ങാടി, തവനൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും മത്സ്യ തൊഴിലാളികളുള്ളത്. പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവനമാക്കിയ ഇവർക്ക് കഴിഞ്ഞ ഒരുപാട് നാളുകളായി ദുരിതമാണ്. ഡീസലിനും പെട്രോളിനും വില വർദ്ധിച്ചതിനൊപ്പം മണ്ണണ്ണക്കും വില വർദ്ധിച്ചിട്ടുണ്ട്. ആകെയുള്ള ആശ്വാസം പെർമിറ്റ് വഴി മണ്ണെണ്ണ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന സബ്സിഡി മാത്രമാണ്. എന്നാൽ വില വർദ്ധിച്ചതോടെ സബ്സിഡി ലഭിക്കുന്നതിലെ ആശ്വാസവും ഇല്ലാതെയായി. ഏറ്റവും വേഗത്തിൽ പെർമിറ്റ് നൽകാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പെർമ്മിറ്റും ലഭിക്കുന്ന മണ്ണെണ്ണയും
ജില്ലയിൽ മത്സ്യഫെഡ് വഴിയാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകി വരുന്നത്. എന്നാൽ മത്സ്യഫെഡിൽ നിന്ന് ലഭിക്കുന്ന മണ്ണെണ്ണ ഇവർക്ക് തികയാത്ത അവസ്ഥയാണ്. ആയിരം ലിറ്റർ മണ്ണെണ്ണയെങ്കിലും ഒരുമാസത്തിലേക്ക് വേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇതിന്റെ പകുതി പോലും ഇവർക്ക് ലഭിക്കുന്നില്ല. 10 എച്ച്.പിയുള്ള വള്ളങ്ങൾക്ക് 140 ലിറ്ററും, 25 മുതൽ 40 എച്ചി.പി വരെയുള്ളതിന് 190 ലിറ്ററുമാണ് നൽകി വരുന്നത്. മണ്ണെണ്ണയ്ക്ക് വില കുറയാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. കരിഞ്ചന്തകളെ ആശ്രയിക്കുന്നവരുണ്ടെങ്കിലും അധിക കാലം മുന്നോട്ടുകൊണ്ടുപോവാനായി സാധിക്കില്ല.
ജില്ലയിൽ ആകെ 26 മത്സ്യബന്ധന കേന്ദ്രങ്ങളാണുള്ളത്. 26 കേന്ദ്രങ്ങളിൽ നിന്നായി 1,110 അപേക്ഷകളാണ് ആകെ ലഭിച്ചത്. വള്ളങ്ങളുടെ ഫിറ്റ്നസും എൻജ്ജിന്റെ കാലപഴക്കവുമെല്ലാം പരിശോധിച്ച ശേഷമാണ് പെർമിറ്റ് നൽകുക. പെർമിറ്റ് പുതുക്കി നൽകാനും പുതിയ പെർമിറ്റ് ലഭിക്കാനുമാണ് അപക്ഷകളുള്ളത്.
കൂടുതൽ അപേക്ഷകൾ വന്നത്
പരപ്പനങ്ങാടി -കെട്ടുങ്ങൽ 72
കടലുണ്ടി 68
താനൂർ എടക്കണ്ടപുരം 53
പണ്ടാരകടപ്പുറം 59
ഒഗാൻ കടപ്പുറം 60
കുറവ് അപേക്ഷകൾ വന്നത്
പൊന്നാനി-വെളിയങ്കോട് 7
ആകെ അപേക്ഷകൾ 1,110
ജനുവരി 16ന് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ സാധിച്ചില്ല. സംസ്ഥാനത്തൊട്ടാകെ ഒരു ദിവസമാണ് പരിശോധന നടത്തുക. അധികം വൈകാതെ പരിശോധന നടത്തി പെർമിറ്റ് നൽകാനാവും.
- എം.താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മറൈൻ)