
മലപ്പുറം: വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ വലിയ കുറവില്ലെങ്കിലും എലിപ്പനിയെയും ഡെങ്കിയെയും പിടിച്ചുകെട്ടാനായ ആശ്വാസത്തിലാണ് ജില്ലയിലെ ആരോഗ്യ മേഖല. മുൻമാസങ്ങളെ അപേക്ഷിച്ച് ഡെങ്കി, എലിപ്പനി കേസുകൾ പകുതിയിൽ താഴെയായിട്ടുണ്ട്. ഈമാസം മൂന്ന് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പൊന്നാനി, വണ്ടൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. ജനുവരിയിൽ 21 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 11 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആലങ്കോട്, വഴിക്കടവ്, പോരൂർ, കൂട്ടിലങ്ങാടി, ആലിപ്പറമ്പ്, പൂക്കോട്ടൂർ, മുതുവല്ലൂർ, മഞ്ചേരി, തൃപ്പനച്ചി, മലപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
മൺസൂണിന് പിന്നാലെ ജില്ലയിൽ ഡെങ്കി, എലിപ്പനി കേസുകൾ പടിപടിയായി ഉയർന്നിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. മലയോര മേഖലകളിലായിരുന്നു കൂടുതൽ അസുഖ ബാധിതരും. സമയബന്ധിതമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനായതാണ് രോഗ വ്യാപനം കുറച്ചത്. പ്രളയങ്ങൾക്ക് ശേഷം ജില്ലയിൽ എലിപ്പനിയും ഡെങ്കിയും സ്ഥിരമായി ഭീഷണി മുഴക്കിയിരുന്നു. ഇതിന് കുറവുണ്ടായത് ഈ വർഷമാണ്.
എലിപ്പനിയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഈമാസം കരുവാരക്കുണ്ടിൽ മാത്രമാണ് ഒരുകേസ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി, എടവണ്ണ, എടക്കര, പുളിക്കൽ, തിരുവാലി, കോഡൂർ എന്നിവിടങ്ങളിലാണിത്. മുൻമാസങ്ങളിൽ ശരാശരി പത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. 16 എണ്ണം.
വൈറലായി പനി
വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ ജില്ലയിൽ കാര്യമായ കുറവില്ല. ഒരുദിവസം ശരാശരി 1,000ത്തിന് മുകളിൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ മാസം 13,959 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജനുവരിയിൽ 41,485 പേർക്ക് വൈറൽ പനി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ പനി ബാധിതരുടെ എണ്ണം പരിശോധിച്ചാൽ ഫെബ്രുവരിയിൽ ചെറിയ കുറവുണ്ട്.