
മലപ്പുറം: ചർച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനർ നിർണ്ണയിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് ഡി.എം.ഒ ഓഫീസിന് മുന്നിൽ ലാബുടമകൾ ധർണ്ണ നടത്തും. കൊവിഡ് പരിശോധനയ്ക്കുള്ള ഹോം കിറ്റുകൾക്ക് മെഡിക്കൽ ഷോപ്പുകളിൽ 250 രൂപ ചാർജ്ജ് ഈടാക്കുമ്പോൾ ഈ പരിശോധന നൂറ് രൂപക്ക് ചെയ്ത് നൽകണമെന്ന് പറയുന്നത് തീർത്തും അപ്രായോഗികമാണ്. 150 രൂപ വിലയുള്ള കിറ്റുകളാണ് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി ലാബുകൾ വാങ്ങിവെച്ചിട്ടുള്ളത്. അമിത ചാർജ്ജ് ഈടാക്കുന്ന സ്ഥാപനങ്ങളായി ലാബുകളെ ചിത്രീകരിക്കാനുള്ള സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണ്. കഴിഞ്ഞ രണ്ട് തവണയും സർക്കാർ നിരക്ക് കുറച്ചപ്പോൾ യാതൊരു ലാഭവുമില്ലാതെയായിരുന്നു ലാബുകൾ ടെസ്റ്റുകൾ നടത്തിയിരുന്നത്.
കൊവിഡ് പരിശോധനാ നിരക്ക് നിശ്ചയിക്കുന്നതിന് മുൻപ് ലാബ് ഉടമകളുമായി ചർച്ച നടത്തുകയും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയും വേണമെന്ന ഹൈക്കോടതി നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് സർക്കാർ നിരക്കുകൾ വെട്ടിക്കുറച്ചത്. സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുന്ന ഈ നടപടി ഒരു ജനാധിപത്യ സർക്കാരിന് യോജിക്കാത്തതാണെന്ന് ജില്ലാ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.