ponnani

പൊന്നാനി: കടലിലെ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചറിയാൻ പൊന്നാനി കേന്ദ്രമാക്കി
ആരംഭിക്കാനിരിക്കുന്ന ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ ധാരണയായി. പൊന്നാനി ഹാർബറിന്റെ കിഴക്ക് ഭാഗത്തായി ആവശ്യമായി വരുന്ന സ്ഥലം വിട്ടു നൽകാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാനാണ് പി നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ധാരണയായിട്ടുള്ളത്.

കടലിന്റെ മാറ്റങ്ങളും, ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ - വേലിയിറക്ക സമയങ്ങളിൽ കടൽ തീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽ തീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന്
ശാസ്ത്രീയമായി കണ്ടെത്താൻ സാധിക്കുന്ന കേന്ദ്രമാണിത്. കടൽ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാറിന് നൽകാനും ഹൈഡ്രോഗ്രാഫിക്
ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും. കേന്ദ്രം സ്ഥാപിച്ചാൽ കടലിലുണ്ടാകുന്ന വ്യതിയാനങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താൻ കഴിയും. രൂക്ഷമായ കടലാക്രമണ ബാധിത
പ്രദേശമായ പൊന്നാനിക്ക് ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് വലിയ തോതിൽ ഗുണകരമായി മാറും. പഴയ പൊന്നാനി നഗരസഭ കാര്യാലയത്തിൽ താൽക്കാലികമായി ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ആലോചിക്കുന്നത് . ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലമാണ് പൊന്നാനി ഹാർബറിലെ നിർദിഷ്ട സ്ഥലമെന്ന് സന്ദർശക സംഘം വിലയിരുത്തി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് , മലബാർ മേഖല പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ്, ഹൈഡ്രോഗ്രാഫിക്ക് മറൈൻ സർവേയർ വർഗീസ്, അഡ്വ. പികെ ഖലിമുദ്ധീൻ എന്നിവർ ഹാർബറിലെ സ്ഥലം സന്ദർശനത്തിന് എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.