 
പെരിന്തൽമണ്ണ: ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വിവിധ പഞ്ചായത്തുകളിലായി കിടക്കുന്ന തരിശുനിലം കൃഷിയോഗ്യമാക്കാൻ പദ്ധതി പ്രകാരം വെട്ടത്തൂർ പഞ്ചായത്തിൽ ചുങ്കം പട്ടിക്കാട് കരുപ്പാറ പാടത്ത് നെൽകൃഷി ചെയ്തിരുന്നതിന്റെ വിളവെടുപ്പ് നടത്തി. ചെറിയ പ്രദേശത്ത് മാത്രം 50 സെന്റിൽ കൂടുതൽ സ്ഥലം തരിശായി കിടന്നിരുന്നത് മഴക്കാലത്ത് എൻ.ആർ.ഇ.ജി.എസ് തൊഴിലാളികളുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്ത് കൃഷിയോഗ്യമാക്കുകയും, ഈ നിലത്ത് വിളഞ്ഞ നെല്ലിന്റെ വിളവെടുപ്പാണ് നടത്തിയത്. കരുവൻ പാറ പ്രദേശത്തുകാരനായ ഫിറോസ് അല്ലൂർ ആണ് കൃഷി ഇറക്കിയത്.
വിളവെടുപ്പ് പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, വാർഡ് മെമ്പർ നൂർജഹാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉള്ള തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥൻമാരായ സാജിദ് സന്ദീപ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.