പൊന്നാനി: കേരളത്തെ പ്രണയിച്ച റുമേനിയക്കാരി കാറ്റലിന പവൽ പൊന്നാനിയിലെത്തിയത് വായിച്ചറിഞ്ഞ സ്നേഹ സൗഹാർദ്ദ കഥകളിൽ നിന്ന്. ഇബ്നു ബത്തൂത്തയുടെ രചനകളിൽ പരാമർശിക്കപ്പെട്ട പൊന്നാനിയുടെ സ്നേഹ സൗഹാർദ്ദങ്ങളെ അനുഭവിച്ചറിയുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാചീന തുറമുഖ നഗരത്തിന്റെ അകത്തളങ്ങളിലൂടെ കാറ്റലിന സഞ്ചാരം നടത്തിയത്. പൊന്നാനിയിലെ പൗരാണിക തറവാടു വീടുകളും, സാമുദായിക സൗഹാർദ്ദത്തിന്റെ കഥകൾ പറയുന്ന തീർത്ഥാടന കേന്ദ്രങ്ങളും കാറ്റലിന സന്ദർശിച്ചു. ദക്ഷിണേന്ത്യയെ കുറിച്ച് ജർമനിയിലെ ഗോട്ടിൻഗൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുകയാണ് കാറ്റലിന. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ എം.കെ.പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ് പൊന്നാനിയിൽ എത്തിയത്. പൊന്നാനി കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ റഫറൻസ് ഗ്രന്ഥമായ 'പൊന്നാനി പ്രിമർ' കാറ്റലിനയ്ക്ക് നൽകി. കമല സുരയ്യയുടെ പുന്നയൂർകുളത്തെ സ്മാരക മന്ദിരം സന്ദർശിച്ചു. കമല സുരയ്യായെക്കുറിച്ചു നിരവധി ലേഖനങ്ങൾ കാറ്റലിന തന്റെ ഗവേഷണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റുമാനിയയിലെ ബുക്കാറസ്റ്റ് സർവകലാശാലയിലെ ഓറിയന്റൽ ലാംഗ്വേജ് ഡിപ്പാർട്ട്മെന്റ് നിന്നാണ് ഹിന്ദിയും അറബിയും ഇസ്ലാമിക സംസ്കാരവും ചരിത്രവും കാറ്റലിന പഠിക്കുന്നത്. മധ്യകാല അറേബ്യൻ സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ കേരള സന്ദർശനം കാറ്റലിനയുടെ പഠനവിഷയമായി കടന്നുവന്നിരുന്നു. ബത്തൂത്തയുടെ കുറിപ്പുകളിലൂടെ അറിഞ്ഞ രാജ്യം നേരിൽ കാണണമെന്ന ആഗ്രഹമാണ് കാറ്റലീനയെ ഇന്ത്യയിലെത്തിച്ചത്. 2015 സെപ്തംബർ മുതൽ നവംബർ വരെ ഡൽഹിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായിരുന്നു ആദ്യ വരവ്. 2017 ആഗസ്റ്റിൽ വീണ്ടും ഇന്ത്യയിലെത്തി. മൂന്നുമാസം ചെലവഴിച്ചശേഷം മടങ്ങിപ്പോയി. 2019 ഒക്ടോബർ പിന്നെയും വന്നു. നിരവധി സംസ്ഥാനങ്ങൾ സഞ്ചരിച്ച കാറ്റ്ലിന ഇതിനിടെയാണ് കേരളത്തിലെത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ കേരളം കാറ്റ്ലിനയുടെ ഹൃദയത്തിൽ ഇടിച്ചുകയറി. ഇതിനിടെ കാലിക്കറ്റ് സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്നതിനുള്ള അപേക്ഷ നൽകി കാത്തിരിക്കവെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങുകയല്ലാതെ അന്ന് മറ്റുവഴികൾ ഉണ്ടായില്ല.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ കാറ്റ്ലിന വീണ്ടും കേരളത്തിലെത്തി. മലയാളം സംസാരിക്കാനും വായിക്കാനും എഴുതാനും കാറ്ററീന പഠിച്ചു. കമല സുരയ്യയുടെ പുസ്തകങ്ങളാണ് മലയാളത്തിൽ ഏറെ പ്രിയം. മാതൃഭാഷയായ റൊമാനിയയിലേക്ക് കമലാസുരയ്യയുടെ കൃതികൾ വിവർത്തനം ചെയ്യാനും കാറ്റലിനക്ക് താല്പര്യമുണ്ട്. മൂന്ന് ബിരുദമുള്ള കാറ്റലിന രണ്ടു വർഷം ജോലി ചെയ്താണ് യാത്രയ്ക്കും മറ്റുമുള്ള പണം കണ്ടെത്തിയത്.