aarya

വള്ളിക്കുന്ന്: വിവാഹശേഷം ആദ്യ വിരുന്നിന് ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ കോട്ടക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പോറഞ്ചേരി തറോൽവീട്ടിൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യയാണ് (26) മരിച്ചത്. ഈ മാസം 7ന് കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞിരുന്നു. ശനിയാഴ്ചയാണ് ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയത്. വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തുപോയ ആര്യ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാരുടെ അന്വേഷണത്തിൽ കോട്ടക്കടവ് പുഴയ്ക്ക് സമീപം റോഡരികിൽ ആര്യയുടെ സ്‌കൂട്ടറും ചെരിപ്പും കണ്ടെത്തി. നാട്ടുകാർ പുഴയിലും സമീപപ്രദേശങ്ങളിലും രാത്രി വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ തിരച്ചിൽ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ ഭാഗത്ത് പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. അമ്മ: റീന. സഹോദരങ്ങൾ: ഭവ്യ,ആദിത്യ.