മലപ്പുറം: പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ ഐ.സി.യുവിൽ കയറി ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ ഡോക്ടർമാരും ഇന്ന് പണിമുടക്കാൻ തീരുമാനിച്ചതായി ഐ.എം.എ ജില്ലാ ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇന്ന് എമർജൻസി യൂണിറ്റ് മാത്രമാവും പ്രവർത്തിക്കുക. അനുകൂല നടപടിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനാടിസ്ഥാനത്തിൽ സമരം നടത്താനാണ് തീരുമാനമെന്ന് ഭാരവാഹി ഡോ. അശോക വത്സല പറഞ്ഞു.
ഒരാൾ അറസ്റ്റിൽ
ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടർമാരെയും ജീവനക്കാരെയും കൈയ്യേറ്റം ചെയ്യുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. താഴേക്കോട് കാപ്പു മുഖം കുഴിയിൽ പീടിക മുഹമ്മദ് ഷർഷാദിനെ (23) കഴിഞ്ഞ ദിവസം വൈകുന്നേരം പെരിന്തൽമണ്ണ എസ്.ഐ
സി.കെ നൗഷാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഏതാനും പേർ ആശുപത്രിയിൽ അതിക്രമിച്ച് കയറി കൈയ്യേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായത്. ഡോക്ടർമാരെയും ജീവനക്കാരെയും കൈയ്യേറ്റം ചെയ്ത സംഭവത്തിൽ 15 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരുന്നു.