vehicle

മലപ്പുറം: റോഡിലൂടെ വലിയ ശബ്ദമുണ്ടാക്കി ചീറിപാഞ്ഞു പോകുന്ന ഇരുചക്രവാഹനങ്ങളെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി ശബ്ദമലിനീകരണമുണ്ടാക്കുന്നവരെ പിടികൂടാനായാണ് ഓപറേഷൻ സൈലൻസ് എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് പ്രത്യേക പദ്ധതിയൊരുക്കിയത്. ഇന്നലെ ജില്ലയിൽ ആരംഭിച്ച പരിശോധന ഈ മാസം 18വരെ നീണ്ടുനിൽക്കും. ഇരുചക്ര വാഹനങ്ങളിൽ അമിതശബ്ദമുണ്ടാക്കി പോവുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷൺ പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലകളിലും എം.വി.ഐമാരുടേയും എ.എം.എംവി.ഐമാരുടേയും നേതൃത്വത്തിലാണ് പരിശോധന നടക്കുക. മലപ്പുറത്ത് ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. ആരോഗ്യത്തിനും പരിസ്ഥിക്കും ഏറെ ദോഷകരമായ പ്രശ്നങ്ങളാണ് ശബ്ദമലിനീകരണമുണ്ടാക്കുന്നത്. ഫോറസ്റ്റ് ഏരിയകളിലൂടെ സൈലൻസറിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ചീറി പായുമ്പോൾ വന്യമൃഗങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും വളരെയേറെയാണ്. വന്യജീവികൾ താമസിക്കുന്ന നിലമ്പൂരിന്റെ വ്യാപിച്ച് കിടക്കുന്ന മേഖലകളടക്കം ഇത്തരത്തിൽ ശബ്ദമലിനീകരണ ഭീഷണിയുള്ളവയാണ്. റോഡിന്റെ സമീപപ്രദേശങ്ങളിലായി താമസിക്കുന്നവർക്കും വലിയ ശബ്ദങ്ങളുണ്ടാക്കുന്ന വാഹനങ്ങൾ വളരെ ബുദ്ധിമുട്ടുണ്ടാകും. നാളെ ജില്ലയിൽ വ്യാപകമായി പരിശോധനയുണ്ടാവും. ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിച്ചതിന് 5,000 രൂപയും മാറ്റം വരുത്തിയതിന് 5,000 രൂപയുമാണ് പിഴയായി നൽകേണ്ടി വരികയെന്നത് അധികൃതർ പറഞ്ഞു.

രൂപമാറ്റത്തിനും പിടി വീഴും

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ട്രെൻഡാക്കി മാറ്റിയവർ നിരവധിയാണ്. ഇത്തരത്തിൽ രൂപം മാറ്റം വരുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഓപറേഷൻ സൈലൻസിൽ രൂപമാറ്റം വരുത്തിയവരെയും കണ്ടെത്തണമെന്നതാണ് നിർദ്ദേശം. പ്രധാനമായും ഹെഡ്ലൈറ്റ് തീവ്ര പ്രകാശമുള്ളതാക്കി മാറ്റൽ, ഹാൻഡിൽ ബാറിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയാണ് പരിശോധിക്കുക. കമ്പനി നൽകിയതല്ലാത്ത ഹോണുകൾ ഘടിപ്പിക്കുന്നതും കുറ്റകരമാണ്. പ്രധാന ഹൈവേകളിലും മറ്റും വാഹനത്തിരക്കിനിടയിൽ ഹോണുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

ആൾട്ടറേഷനിൽ സംഭവിക്കുന്നത്

വാഹനത്തിന്റെ സൈലൻസറുകളിലെ കാറ്റലിക് കൺവെർട്ടറുകൾ എടുത്ത് മാറ്റുമ്പോഴാണ് അമിത ശബ്ദമുണ്ടാകുന്നത്. ഇത് മാറ്റുന്നതോടെ സംഭവിക്കുക ഗുരുതരമായ പ്രശ്നങ്ങളാണ്. കാറ്റലിക് കൺവെർട്ടർ ഇല്ലാതാവുന്നതോടെ പുറംതള്ളുന്ന പുകയുടെ അളവ് കൂടുകയും നൈട്രജൻ ഓക്സൈഡ് ക്രമാതീതമായി പുറത്ത് വരുകയും ചെയ്യും. ഇത്തരത്തിൽ പുകയും വാതകവും അമിതമായി വരുന്നത് വായു മലിനീകരണം വർദ്ധിപ്പിക്കും. വാഹനങ്ങൾക്ക് കമ്പനി നൽകുന്ന സൈലൻസറുകളിൽ മാറ്റം വരുത്താൻ പാടില്ല. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തിയ സൈലൻസറുകൾ മാർക്കറ്റിൽ സുലഭമായി ലഭിക്കും. പ്രത്യേകമായി ആൾട്ടറേഷൻ ചെയ്ത് നൽകുന്ന കടകളടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നത്.

ഓപറേഷൻ സൈലൻസിൽ ഇന്നലെ പിടിച്ചത് - 8 വാഹനങ്ങൾ

പിഴ ചുമത്തിയത്- 40,​000 രൂപ

ആളുകൾ കാണാൻ വേണ്ടി വാഹനത്തിന്റെ സൈലൻസറിലും മറ്റും രൂപം മാറ്റം വരുത്തുന്നവർ നിരവധിയാണ്. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകാനാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കും.

- പി.കെ. മുഹമ്മദ് ഷഫീഖ്,​ കൺട്രോൾ റൂം ഇൻസ്പെക്ടർ