
മലപ്പുറം: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷനിൽ സംസ്ഥാനത്ത് ഏറെ പിന്നിലായി മലപ്പുറം. 15 - 17 പ്രായ പരിധിയിലുള്ള 2,41,212 കുട്ടികളിൽ 78,424 പേർ ഇതുവരെ ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിട്ടില്ല. 67 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. സംസ്ഥാനത്ത് 75 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ എടുത്ത സ്ഥാനത്താണിത്.
മലപ്പുറത്തിനൊപ്പം എറണാകുളം, തിരുവന്തപുരം ജില്ലകളാണ് വാക്സിനേഷനിൽ പിന്നിലുള്ളത്. ആദ്യ ഡോസിന്റെ കാര്യത്തിൽ വയനാട് ജില്ലയാണ് മുന്നിൽ. ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളും മുന്നിലുണ്ട്. ജില്ലയിൽ രണ്ടാംഡോസെടുത്തത് 3.5 ശതമാനം കുട്ടികളാണ്. സംസ്ഥാനത്ത് ഇത് എട്ട് ശതമാനമാണ്. വാക്സിനേഷനിൽ രക്ഷിതാക്കൾ പുലർത്തുന്ന വിമുഖതയാണ് കുട്ടികളുടെ കാര്യത്തിൽ ജില്ല പിന്നിലാവാൻ പ്രധാന കാരണം. കൊവിഡ് ബാധിച്ച കുടുംബങ്ങളിലെ പല കുട്ടികളും വാക്സിനെടുക്കുന്നില്ല.
ജനുവരി മൂന്നിനാണ് ജില്ലയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്. രണ്ടാഴ്ച കൊണ്ട് ആദ്യ ഡോസ് വിതരണം പൂർത്തിയാക്കാനായിരുന്നു ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ വരെ 1,62,788 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 8,564 പേർ രണ്ട് ഡോസും പൂർത്തിയാക്കി. വാക്സിനേഷന് വേഗത്തിലാക്കുന്നതിന് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക കാമ്പയിൻ നടത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പ്
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ താത്കാലികമായി അടച്ചത് വാക്സിൻ നൽകുന്നതിൽ നേരിയ തടസ്സം സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മാർച്ച് അവസാന വാരത്തോടെ കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. നിലവിൽ ആരോഗ്യ കേന്ദ്രങ്ങൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾ വഴിയാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കൊവാക്സിൻ നൽകാനുള്ള അംഗീകാരമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്.