fgf
അരുൺ ശിവദാസനും ​ദിൽഷാദും

മലപ്പുറം: കേരളത്തിൽ നിന്ന് ലഡാക്ക് വരെ ഒരു യാത്ര, ട്രെയിനിലോ ബൈക്കിലോ സൈക്കിളിലോ അല്ല. സ്വപ്നത്തിലേക്ക് നടന്നെത്തണമെന്നതാണ് ഈ യുവാക്കളുടെ ലക്ഷ്യം. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ദിൽഷാദും(22) പാലക്കാട് സ്വദേശിയായ അരുൺ ശിവദാസനുമാണ് (33) ലഡാക്കിലേക്ക് നടന്നടുക്കാനായി ഇറങ്ങി തിരിച്ചത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ നിന്നും ഇവരുടെ യാത്രാ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു.

മലപ്പുറത്ത് നിന്ന് ആരംഭിക്കുന്ന യാത്ര കേരളത്തിലെ വിവിധ ജില്ലകൾ കടന്ന് കന്യാകുമാരിയിലെത്തും. കന്യാകുമാരിയുടെ സൗന്ദര്യം തൊട്ടറിഞ്ഞ ശേഷമാണ് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കടക്കുക. 2020ൽ സൈക്കിളിൽ ഇന്ത്യ ചുറ്റിയ ആളാണ് അരുൺ ശിവദാസൻ. 2021ൽ ജൂലായിൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തി ആറ് മാസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു യാത്രക്കായി അരുൺ തയ്യാറെടുക്കുന്നത്. അരുണിന്റെ അമ്മ കുമാരിയും അച്ഛൻ ശിവദാസനും വർഷങ്ങൾക്കു മുമ്പ് മരിച്ചു. സഹോദരനൊപ്പം ബിസിനസ് രംഗത്താണ് അരുൺ. ദിൽഷാദ് വിവിധ സംസ്ഥാനങ്ങളിൽ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ യാത്രയ്ക്ക് തയ്യാറെടുത്തത് ആദ്യമായിട്ടാണ്. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരവും മനോഹാരിതയും മതിവരുവോളം ആസ്വദിക്കാൻ നടന്നു ചെല്ലണമെന്നാണ് ദിൽഷാദ് പറയുന്നത്.

നടന്നെത്തേണ്ടത് 4,000 കിലോമീറ്റർ

നാലായിരം കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും ലഡാക്കിലേക്കെത്തുക. കേരളത്തിൽ മുഴുവൻ സഞ്ചരിക്കേണ്ടത് 800 കിലോമീറ്ററാണ്. വളരെ ചെലവ് ചുരുക്കിയുള്ള യാത്രയായതിനാൽ ഓരോ ദിവസവും നടന്നെത്തുക നിശ്ചിത ദൂരത്തിലായിരിക്കും. രാവിലെ ഏഴ് മണി മുതൽ യാത്ര ആരംഭിച്ച് വെയിലെത്തുമ്പോൾ നിറുത്തും. പിന്നീട് വിശ്രമത്തിന് ശേഷം വീണ്ടും യാത്ര ആരംഭിക്കും. രാത്രി 8 മണിവരെ യാത്ര തുടരും. പെട്രോൾ പമ്പുകളും മറ്റുമാണ് താമസത്തിനായി തിരഞ്ഞെടുക്കുക. ആറ്മാസം കൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിൻ മാർഗമായിരിക്കും മടക്കം. തമിഴ്നാടിലേക്ക് എത്തിയതിന് ശേഷം ,കർണാടക, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ താണ്ടി ജമ്മു ആൻഡ് കാശ്മീരിലെത്തും. ഒരുദിവസം 100രൂപ ചെലവിൽ 15,000 രൂപയാണ് ആറ് മാസത്തേക്കായി ഇവർ കണക്കാക്കുന്നത്.

ഹോക്കിയെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം

ദേശീയ കായിക വിനോദമായ ഹോക്കിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് യാത്രയിൽ ലക്ഷ്യമിടുന്നത്. ജില്ലയിലടക്കം വളരെ കുറഞ്ഞ എണ്ണം താരങ്ങൾ മാത്രമാണ് ഹോക്കി പരിശീലനത്തിലുള്ളത്. സ്കൂൾ വിദ്യാർത്ഥികളിലടക്കം അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തും. യാത്രയ്ക്കിടെ ശ്രദ്ധയിൽപെടുന്ന സ്കൂളുകളിലെത്തി ഹോക്കിയെ കുറിച്ച് ബോധവത്കരണം നൽകും. ദേശീയ കായിക ഇനമായിട്ടും പുതിയ തലമുറയിലെ ആളുകൾ ഹോക്കിയിലേക്ക് വരുന്നത് കുറവാണെന്നാണ് ഇരുവരും പറയുന്നത്.