bridge
പാലം

125 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരമായത്

കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് കിഫ്ബി ബോർഡിന്റെ അംഗീകാരമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോട്ടക്കൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയുമായ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്കാണ് കിഫ്ബി ബോർഡിന്റെ അംഗീകാരമായത്. കിഫ്ബി ബോർഡ് യോഗത്തിലാണ് പദ്ധതിക്ക്
125 കോടി രൂപയുടെ അംഗീകാരം നൽകിയത്.

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാറിന് സമർപ്പിച്ചത് പ്രകാരം 2017-2018 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 75 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു . പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി ആർ ) സർക്കാറിന് സമർപ്പിക്കുകയും പിന്നീട് 100 കോടി രൂപയായി ഉർത്തുകയും ചെയ്തിരുന്നു.പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിക്കുന്നതിനായി എം.എൽ.എ നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നു. 2021 ആഗസ്റ്റ് 4ന് സ്പീക്കർ എം.ബി രാജേഷ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ,
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ കിഫ്ബി അധികൃതരുടെ യോഗം ചേർന്നിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ പാലക്കാട്, മലപ്പുറം ജില്ലകളെ റോഡ് മാർഗ്ഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകുന്നതാണ്. നിലവിൽ ഭാരതപ്പുഴയിലെ ജലസംഭരണത്തിനായി ജില്ലയിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് മാത്രമാണുള്ളത്. പദ്ധതിയുടെ ടെണ്ടർ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു