d
കോട്ടക്കൽ ആര്യവൈദ്യശാലയിൽ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ ആര്യവൈദ്യശാല മാനേജ്‌മെന്റും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും ചേർന്നു നടത്തിയ സംയുക്ത ചർച്ച

കോട്ടയ്ക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയിൽ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ വന്നു. ആര്യവൈദ്യശാല മാനേജ്‌മെന്റും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും ചേർന്നു നടത്തിയ സംയുക്ത ചർച്ചയെത്തുടർന്നാണ് പുതുക്കിയ ശമ്പളനിരക്ക് നിലവിൽ വന്നത്.
ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ രണ്ടായിരത്തോളം ജീവനക്കാർക്ക് ലഭ്യമാകും. 5,200/- രൂപ മുതൽ 13,000/- രൂപ വരെ ഉള്ള വർദ്ധനവാണ് ജീവനക്കാർക്ക് കിട്ടുക. ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരുടെ സാന്നിദ്ധ്യത്തിലാണ് ശമ്പളക്കരാർ ഒപ്പുവെച്ചത്. ചടങ്ങിൽ ആര്യവൈദ്യശാല സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ഫാക്ടറി മാനേജറും ട്രസ്റ്റിയുമായ ഡോ. പി. രാംകുമാർ, കൺട്രോളർ (എച്ച്. ആർ.) വി. വേണുഗോപാൽ, ചീഫ് (ഫിനാൻസ് ആന്റ് അക്കൗണ്ട്സ്) ഗംഗ ആർ. വാരിയർ, ചീഫ് മാനേജർ (പേഴ്സണൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ) മുരളി തായാട്ട്, മാനേജർ (എച്ച്.ആർ.എം)എൻ. മനോജ്, ഡെപ്യൂട്ടി മാനേജർ (ലീഗൽ ആന്റ് ഐ.ആർ) ഗീത കെ. എന്നിവരും അംഗീകൃത സംഘടനാ സെക്രട്ടറിമാരായ എം. രാമചന്ദ്രൻ (കോട്ടക്കൽ ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ - സി.ഐ.ടി.യു), കെ. മധു (ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ - എ.ഐ.ടി.യു.സി), എം.വി. രാമചന്ദ്രൻ (ആര്യവൈദ്യശാല എംപ്ലോയീസ് യൂണിയൻ - ഐ.എൻ.ടി.യു.സി), കെ.പി. മുരളീധരൻ (ആര്യവൈദ്യശാല മസ്ദൂർ സംഘം - ബി.എം.എസ്) എന്നിവരും വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുകുമാരൻ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, പി. സുകുമാരൻ എന്നിവരും സന്നിഹിതരായിരുന്നു. 2020 ജൂലായ് ഒന്നു മുതൽ 2024 ജൂൺ 30 വരെയാണ് പുതിയ കരാറിന്റെ കാലാവധി.