water

പൊന്നാനി ഫിഷിംഗ് ഹാർബറിൽ കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് വിദഗ്ദ്ധ സംഘം

പൊന്നാനി: കടൽവെള്ളം സംസ്‌കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു. പ്ലാന്റ് നിർമ്മിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ്ധ സംഘം സന്ദർശിച്ചു. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് സംഘം വിലയിരുത്തി. നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിസലൈനേഷൻ പ്ലാന്റ് (കടൽ വെള്ളംകുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി) ആരംഭിക്കുന്നത്. കേരള വാട്ടർ അതോരിറ്റി പി.എച്ച് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണാനാകും. കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗം പദ്ധതിയുടെ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.

ഹാർബറിലെ നിർദ്ദിഷ്ഠ സ്ഥലം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി സൈന്റിസ്റ്റ് ഡോ. രാജൻ എബ്രഹാം , കേരള വാട്ടർ അതോറിറ്റി അസി.എക്സി.എൻജിനിയർ ഇ.എ.സന്തോഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വിദഗ്ദ്ധ സംഘമാണ് സന്ദർശനം നടത്തിയത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി ചെയർമാൻമാന്മാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീർ തുടങ്ങിയ ജനപ്രതിനിധി സംഘത്തോടൊപ്പമാണ് സന്ദർശനം നടത്തിയത്.

പദ്ധതി ഇങ്ങനെ

നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിസലൈനേഷൻ പ്ലാന്റ് ആരംഭിക്കുന്നത്

വാട്ടർ അതോരിറ്റി പി.എച്ച് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി

പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണാനാകും