crime

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ കേസിൽ ആഭ്യന്തര അന്വേഷണം നടത്താൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ഡോ. എം.എം.നാരായണൻ, എ.കെ.രമേശ് ബാബു, ടോം.കെ.തോമസ്, ബാലകൃഷ്ണൻ, എൻ.വി.അബ്ദുറഹ്മാൻ എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങൾ. വ്യാജ ചലാനുമായി ബന്ധപ്പെട്ട പരാതി ഉയർന്ന സാഹചര്യത്തിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ വച്ച് പൊറുപ്പിക്കില്ലെന്നും മുഴുവൻ കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്നും സിൻഡിക്കേറ്റംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലയ്ക്ക് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കും. 500 രൂപ തട്ടിപ്പ് നടത്തിയത് ഉയർത്തി കാട്ടി സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നവർ മുമ്പ് നടന്ന 30 ലക്ഷം രൂപയുടെ അഴിമതി മറയ്ക്കാനാണ് ശ്രമിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സർവകലാശാലകളുടെ പ്രചാരണമാണ് ഇതിന് പിന്നിലെന്നും സിൻഡിക്കേറ്റംഗങ്ങൾ അരോപിച്ചു. സർവകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡോ. പി.റഷീദ് അഹമ്മദ് യോഗത്തിൽ ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങിയവർക്കെതിരെ നടപടി എടുക്കുന്നത് വൈകിയത് തെളിവ് നശിപ്പിക്കാൻ അവരെ സഹായിച്ചുവെന്ന റഷീദ് അഹമ്മദ് ആരോപിച്ചു.

രണ്ടാം സെമസ്റ്റർ പരീക്ഷ റിസൾട്ട് വൈകിയതും അന്വേഷിക്കും. കെ കെ ഹനീഫ, ഡോ.റിജു ലാൽ, ഡോ.മനോഹരൻ, വിനോദ് കുമാർ, യുജീൻ മൊറേലി എന്നിവരാണ് അംഗങ്ങൾ. മൂല്യനിർണ്ണയം വൈകിയതും അദ്ധ്യാപകരുടെ നിസ്സഹകരണവും ജീവനക്കാരുടെ കുറവും മറ്റുമാണ് ഫലം വൈകാൻ കാരണം. ഏഴ് ലക്ഷത്തോളം ഉത്തരക്കടലാസുകൾ 350 ഓളം ജീവനക്കാരുടെ കൈകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഭാരിച്ച ജോലിയാണെന്നും ജീവനക്കാരുടെയും പരീക്ഷാഭവൻ സൗകര്യങ്ങളുടെ കുറവുകളും പരിഹരിക്കാൻ പദ്ധതികൾ പുരോഗമിക്കുന്നതായും സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു.