d
പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ 'ജലജീവൻ മിഷൻ" അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നപ്പോൾ.

പൊന്നാനി: നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ 'ജലജീവൻ മിഷൻ' അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും
2023 മാർച്ച് മാസത്തോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. യോഗത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പദ്ധതിയ്ക്ക് ആവശ്യമായ കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടു കിട്ടാൻ വേണ്ട ഇടപെടലുകൾ സ്വീകരിക്കാനായി പഞ്ചായത്ത് തല യോഗം ചേരാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭയിലും പദ്ധതിയോട് അനുബന്ധിച്ച് യോഗം ചേരും. ആലംകോട് പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി വെട്ടി പൊളിച്ച കോൺക്രീറ്റ് റോഡ് മാർച്ച് 15 നകം ആറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

പൊന്നാനി നഗരസഭയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ, വെളിയം കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, എക്സിക്യൂട്ടീവ് എൻജിനിയർ ദീപ തുടങ്ങിയവർ സംസാരിച്ചു.