d
ഋതുജിത്ത്

വള്ളിക്കുന്ന്: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ 2021ലെ കുട്ടി കൾക്കുള്ള ദേശീയ ധീരത അവാർഡ് പ്രഖ്യാപിച്ചതിൽ കേരളത്തിൽനിന്നുള്ള അഞ്ചു കുട്ടികളിൽ വള്ളിക്കുന്ന് സ്വദേശിയും. അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും അരിയല്ലൂർ നമ്പാല സുനിൽകുമാർ ഷിജില ദമ്പതിമാരുടെ മകനുമായ എൻ. ഋതുജിത്താണ് അവാർഡിനർഹനായത്. തെങ്ങിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് അവാർഡ്.

2021 ജൂലായ് 17നാണ് സംഭവം. തേങ്ങയിടാൻ കയറിയ അരിയല്ലൂരിലെ കാരാട്ട് ശിവദാസൻ തളപ്പ് വീണതോടെ തെങ്ങിൽക്കുടുങ്ങുകയായിരുന്നു. ക്ഷീണം അനുഭവപ്പെട്ട ശിവദാസനെ സമീപവാസിയായ ഋതുജിത്ത് വീട്ടിലെ തെങ്ങുകയറാനുള്ള ഉപകരണവുമായി എത്തി തെങ്ങിൽ കയറി രക്ഷപ്പെടുത്തുകയായിരുന്നു. നാല്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഡൽഹിയിൽ വച്ച് സമ്മാനിക്കും ആറാംക്ലാസ് വിദ്യാർത്ഥിയായ ഋതുകൃഷ്ണ സഹോദരനാണ്.