
മലപ്പുറം: റമസാൻ ചാരിറ്റിയുടെ ഭാഗമായി വിതരണം ചെയ്യാൻ യു.എ.ഇ കോൺസുലേറ്റ് നൽകിയ ആയിരം കോപ്പി ഖുർആൻ തിരിച്ചേൽപ്പിക്കുമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി.ജലീൽ. ഖുർആന്റെ മറവിൽ സ്വർണം ഒളിപ്പിച്ച് കടത്തിയെന്നാണ് പ്രതിപക്ഷവും ബി.ജെ.പിയും പ്രചരിപ്പിച്ചത്. ഒരുതരി സ്വർണം പോലും വീട്ടിലോ ബാങ്ക് ലോക്കറുകളിലോ ഇല്ലാത്ത തനിക്ക് വലിയ മാനഹാനിയാണ് ഇത് ഉണ്ടാക്കിയതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിൽ ആരോപണമുന്നയിച്ച ലീഗ് നേതാവ് കെ.എം.ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ. എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ യു.എ.ഇ കോൺസുലേറ്റിന് മടക്കിക്കൊടുക്കണോ അതോ വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണർക്ക് രണ്ട് ഇ-മെയിലുകൾ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. വിതരണം ചെയ്യാൻ ഏറ്റുവാങ്ങിയവർ വിവിധ ഏജൻസികളാൽ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യത വർത്തമാന സാഹചര്യത്തിൽ തള്ളിക്കളയാനാവില്ല. ആർക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാൻ താത്പര്യമില്ല.