 
മലപ്പുറം: പുതിയ ദേശീയപാത യാഥാത്ഥ്യമാവുന്നതോടെ ജില്ലയിലെ പ്രധാന അപകട മേഖലകൾ ഇല്ലാതാവും. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ദേശീയപാതയിൽ അരഡസനോളം അപകട മേഖലകളാണുള്ളത്. അപകടങ്ങൾക്ക് കുപ്രസിദ്ധമായ വട്ടപ്പാറ, പാണമ്പ്ര, പാലച്ചിറമാട്, പൂക്കിപ്പറമ്പ് മേഖലകൾ ഇല്ലാതാവും. പുതിയ ദേശീയപാത ഈ അപകട മേഖലകളെ ഒഴിവാക്കിയാണ് കടന്നുപോവുന്നത്.
ഇല്ലാതാവും പാണമ്പ്ര വളവ്
ദേശീയപാതയിലെ ഏറെ കുപ്രസിദ്ധി നേടിയ വളവാണ് തേഞ്ഞിപ്പലം പാണമ്പ്രയിലേത്. ഒന്നര മാസത്തിനിടയിൽ മാത്രം ചെറുതും വലുതുമായ പത്തിലധികം അപകടങ്ങളുണ്ടായി. വളവും റോഡരികിലെ കുത്തനെയുള്ള താഴ്ചയും യാത്രക്കാരുടെ പേടി സ്വപ്നമാണ്. നടൻ ജഗതി ശ്രീകുമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും ഈ വളവിലാണ്. 2012 മാർച്ച് 12ന് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. 1990ൽ 55 യാത്രക്കാർ ഉൾപ്പെട്ട വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 24 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 2018ൽ റോഡരികിലെ താഴ്ചയിലേക്ക് പാചകവാതക ലോറി മറിഞ്ഞ് ചോർച്ചയുണ്ടായത് ഏറെ ആശങ്കപ്പെടുത്തിയിരുന്നു.
പുതിയ ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പാണമ്പ്രയിലെ വളവുകൾ ഒഴിവാക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏറ്റെടുത്ത സ്ഥലങ്ങളിൽ കാടും മണ്ണും നീക്കി നിലമൊരുക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. പുതിയ അലൈൻമെന്റ് പ്രകാരം തേഞ്ഞിപ്പലം വില്ലേജ് ഓഫീസ് ഭൂമിയിലൂടെ ചേളാരിയിൽ എത്തുന്ന റോഡ് വളവുകളില്ലാതെ നേരെ കോഹിന്നൂരിലൂടെ കടന്നുപോകും.
വട്ടപ്പാറ ഓർമ്മയാവും
ദേശീയ പാതയുടെ വികസനത്തിലെ വലിയ സവിശേഷത കൊടും വളവായ വട്ടപ്പാറ പൂർണ്ണമായും ഒഴിവാക്കാനാവും എന്നതാണ്. പഴയ സി.ഐ ഓഫീസ് കഴിഞ്ഞ് വട്ടപ്പാറ ഇറക്കത്തിലെ പള്ളിയുടെ സമീപത്ത് നിന്നാണ് നിലവിലെ പാതയിൽ നിന്ന് മാറി പുതിയ പാത പോവുക. വയൽ പ്രദേശത്തിലൂടെ കടന്നുപോയി ഓണിയൽ പാലം കഴിയുന്നിടത്ത് നിലവിലെ ദേശീയപാതയിൽ വന്നു ചേരും 4.18 കിലോമീറ്റർ ബൈപാസിൽ രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള രണ്ട് വയഡക്റ്റ് പാലം നിർമ്മിക്കും. മലബാറിലെ ഏറ്റവും വലിയ വയഡക്റ്റ് പാലങ്ങളാവുമിത്. കൂടാതെ രണ്ട് ചെറിയ പാലങ്ങളും അടിപ്പാതകളും വയലുകളിലെ വെള്ളം ഒഴുകിപോവാൻ ആറ് വലിയ കലുങ്കുകളും ഉണ്ടാക്കും. പാത കടന്നുപോവുന്ന സ്ഥലത്തെ നിലം ഒരുക്കൽ ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അപകടങ്ങൾക്ക് അറുതിയാകും
വട്ടപ്പാറയിൽ ആറ് വർഷത്തിനിടയിലെ 250 ഓളം അപകടങ്ങളിലായി 25 ജീവനുകൾ പൊലിയുകയും 170ഓളം പേർക്ക് പരിക്കുമേറ്റു. ഗ്യാസ് ടാങ്കറുകളും ചരക്ക് വാഹനങ്ങളും വട്ടപ്പാറയിൽ സ്ഥിരമായി അപകടത്തിൽപെടാറുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളാണ് അപകടത്തിൽപെടുന്നവയിൽ ഏറെയും. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത അപകടങ്ങൾക്ക് വഴിവയ്ക്കുന്നെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത സമരവുമായി രംഗത്തുവന്നു. 2002ൽ ദേശീയപാതാ അതോറിറ്റി ആഴ്ചകളോളം റോഡ് അടച്ചിട്ട് കോടികൾ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തി. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് തുറന്നതിന്റെ തൊട്ടടുത്തെ ദിവസം തന്നെ അപകടമുണ്ടായി. ഇതോടെ ബദൽ ബൈപ്പാസ് നിർമ്മിച്ച് വട്ടപ്പാറയെ പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യമുയർന്നു. പുതിയ ദേശീയ പാതയിൽ ഈ ആവശ്യം അംഗീകരിച്ചതോടെ യാത്രക്കാരെ പേടിപ്പെടുത്തിയ വട്ടപ്പാറ വളവും ഓർമ്മയാവും.
ഇനിയില്ല പാലച്ചിറമാട്
പാലച്ചിറമാട് വളവിൽ ആദ്യകാലങ്ങളിൽ റോഡിന്റെ വീതിക്കുറവാണ് അപകടങ്ങൾക്ക് വഴിവച്ചിരുന്നത്. എന്നാൽ പിന്നീട് റോഡ് വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾക്ക് യാതൊരു കുറവുമുണ്ടായില്ല. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. രാത്രിയിലാണ് ഏറെയും അപകടങ്ങൾ. പാതയോരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും റോഡിൽ ചെറിയ ഹമ്പുകളും സ്ഥാപിച്ചിട്ടും അപകടം കുറയ്ക്കാനായിട്ടില്ല. പ്രദേശത്തെ പ്രധാന മൂന്ന് വളവുകൾ നികത്തിയാൽ മാത്രമേ ഇവിടങ്ങളിലെ അപകടങ്ങൾ തടയാനാവൂ. പുതിയ ദേശീയപാത ഈ വളവുകൾ ഒഴിവാക്കിയാണ് കടന്നുപോവുന്നത്.