landslide

തിരുരങ്ങാടി: വെള്ളിലക്കാട് ഭാഗങ്ങളിൽ കടലുണ്ടി പുഴയുടെ കരയിടിച്ചിലിന് പരിഹാരം കാണാൻ 270 മീറ്ററിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള എസ്റ്റിമേറ്റ് റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. ഇതിന് മുന്നോടിയായി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദാലി, ഓവർസിയർ എൻ. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച് സംരക്ഷണ ഭിത്തി ആവശ്യമുള്ള ഇടങ്ങളിലെ അളവുകളെടുത്ത് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. കരയിടിച്ചിൽ മൂലം 13 വീടുകൾ അപകടാവസ്ഥയിലായത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ തിരുരങ്ങാടി തഹസിൽദാർ പ്രദേശം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പത്മശ്രീ പുരസ്കാരം നേടിയതിന് അഭിനന്ദിക്കാൻ വീട്ടിലെത്തിയ റവന്യു മന്ത്രി കെ.രാജനോട് ഇക്കാര്യം കെ.വി. റാബിയയും പങ്കുവച്ചു. ജില്ലാ കളക്ടറോട് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു, തുടർന്ന് തിരുർ ആർ.ഡി.ഒ പി. സുരേഷിന്റെയും ഇറിഗേഷൻ വകുപ്പ് അധികൃതരുടെയും താലൂക്ക് തഹസിൽദാരുടെയും നേതൃത്വത്തിൽ പുഴക്കടവ് ഭാഗത്ത് പരിശോധന നടത്തിയിരുന്നു.