
പെരിന്തൽമണ്ണ: സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപൊതുവാളിന്റെ സ്മരണാർത്ഥം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഞെരളത്ത് സംഗീതോത്സവം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡംഗം രാധ മാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. തിരുമാന്ധാംകുന്ന് ദേവസ്വം നൽകുന്ന ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന് ചടങ്ങിൽ സമ്മാനിച്ചു. ദേവസ്വം കമ്മീഷണർ എ.എൻ. നീലകണ്ഠൻ മുഖ്യാതിഥിയായി.
ക്ഷേത്രം തന്ത്രി പന്തല കോട്ടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ദേവസ്വം എക്സി. ഓഫീസർ സി.സി. ദിനേശ്, അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കുമാർ, ഭക്തിഗാന രചയിതാവ് പി.സി. അരവിന്ദൻ, അസി. മാനേജർ ശിവപ്രസാദ്, ഡോ. എൻ.പി. വിജയകൃഷ്ണൻ, വാർഡംഗം രത്നകുമാരി, മൃദംഗ കലാകാരൻ കുഴൽമന്ദം ജി.രാമകൃഷ്ണൻ, സംഗീതജ്ഞൻ ജ്യോതിദാസ് എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രി ബാൽ പുരസ്‌കാരം നേടിയ ദേവി പ്രസാദിനെ ചടങ്ങിൽ അനുമോദിച്ചു. ജ്യോതിദാസിന്റെ അഷ്ടപദി കച്ചേരിയായിരുന്നു ഉദ്ഘാടന കച്ചേരിയായി നടന്നത്. 19ന് സംഗീതോത്സവം സമാപിക്കും.