വണ്ടൂർ: വിദ്യാർത്ഥികളേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേർ വണ്ടൂർ പൊലീസിന്റെ പിടിയിലായി. 225 ഗ്രാം കഞ്ചാവും രണ്ടു ബൈക്കുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേ വീട്ടിൽ ഷിബിൽ (25) , കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങൽ ഹൗസിൽ ഷബീർ എന്ന കുട്ടിമാൻ (36) എന്നിവരാണ് വണ്ടൂർ മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിന് പുറക് വശത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം വച്ച് പിടിയിലായത്. സംശയം തോന്നിയ പൊലീസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തിൽ നിന്ന് ഓരോ ചെറിയ കഞ്ചാവു പൊതികൾ വീതം കണ്ടെടുത്ത്. തുടർന്ന് ഇവരുടെ ബൈക്കിൽ നിന്ന് വലിയ കഞ്ചാവു പൊതിയും കണ്ടെടുത്തു. ഇവർചില്ലറ വിൽപ്പനക്കാരാണ്. മുൻപും സമാന കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
സി.ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. സത്യൻ, സി.പി.ഒമാരായ ഇ.പി ജയേഷ്, സായ് ടി ബാലൻ, സദഖത്തുള്ള തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.