
നിലമ്പൂർ: ചന്തക്കുന്ന് ടൗണിലെ കെട്ടിടത്തിന് മുകളിലെത്തിയ പുള്ളിമാനെ വനപാലകർ രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു. ബംഗ്ലാവ് കുന്നിലെ വനമേഖലയിൽ നിന്നും തെരുവ് നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം കെട്ടിടത്തിനു മുകളിലെത്തിയതാണ് പുള്ളിമാനെന്ന് കരുതുന്നു. പുള്ളിമാനെ കണ്ട വിവരമറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പിലെ ദ്രുത പ്രതികരണ വിഭാഗം ജീവനക്കാരെത്തി പുള്ളിമാനെ പിടികൂടി കാട്ടിൽ വിട്ടത്. അരമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് പുള്ളിമാനെ രക്ഷപ്പെടുത്താനായത്. ഏകദേശം മൂന്ന് വയസ്സോളം പ്രായമുള്ള പുള്ളിമാനാണ് ടൗണിലേക്ക് എത്തിയത്.