asmathi-ali

നിലമ്പൂർ: വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനെ വേട്ടയാടിയ സംഭവത്തിൽ ആസം സ്വദേശി പൊലീസിന്റെ പിടിയിലായി. സോനിത് പൂർ ജില്ലയിലെ ബിസ്വനാഥ് സ്വദേശി അസ്മത് അലിയാണ് പിടിയിലായത്. വാണിയമ്പലത്ത് ഇന്നലെ രാത്രി 12 ഓടെയാണ് നിലമ്പൂർ പൊലീസ് ഇയാളെ പിടികൂടിയത്. നായാട്ടു സംഘത്തിലെ പ്രധാനിയായ പ്രതിയെ ആസാം സർക്കാർ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ. എബ്രഹാമിന്റെ നിർദേശപ്രകാരം നിലമ്പൂർ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബിസ്വനാഥ്, ബോകാ ഘാട്ട് പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. ആസ്സാമിലെ സംസ്ഥാന മൃഗമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനെ കൊമ്പിനു വേണ്ടി വൻതോതിൽ വേട്ടയാടുന്നതിനാൽ വംശനാശ ഭീഷണി നേരിടുന്നതും ചുവന്ന പട്ടികയിൽ ഉൾപ്പെട്ടതുമാണ്.

നിലമ്പൂർ ഇൻസ്‌പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. നവീൻ ഷാജ്, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒ കെ.പി. രമേശ്, പ്രത്യേക അന്വേഷണ സംഘത്തിലെ എൻ.പി സുനിൽ, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ സ്റ്റേഷനിലെത്തിച്ച് പ്രതിയെ ആസാം പൊലീസിന് കൈമാറി.