
മലപ്പുറം: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തീകരിച്ചു. 8,614 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്രിയ പൂർത്തീകരിച്ചത്. തദ്ദേശഭരണ സ്ഥാപനതലത്തിലും വാർഡ് തലത്തിലുമുള്ള ജനകീയ സമിതികളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രക്രിയയുടെ പൂർത്തീകരണത്തിനായി വിവിധ ഘട്ടങ്ങളിലായി ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അടക്കം അൻപതിനായിരത്തിലധികം പേർക്കാണ് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. നക്സൽ ഭീഷണിയുള്ള പ്രദേശങ്ങളിലും പട്ടിക വർഗ കോളനികളിലും ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷൻ നടത്തി കുടുബങ്ങളെ കണ്ടെത്താനായത് ശ്രദ്ധേയമായി.
സൂപ്പർചെക്ക്
പ്രാഥമിക ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് തലത്തിലുള്ള ജനകീയ സമിതികൾ കൂടി 15,959 കുടുംബങ്ങളെയാണ് പട്ടികയിൽപ്പെടുത്തിയിരുന്നത്. ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടങ്ങിയ സംഘം വീടുകളിലെത്തി പരിശോധിച്ചാണ് ഈ കുടുംബങ്ങളുടെ വിവര ശേഖരണം നടത്തിയത്. ജി.പി.എസ് സംവിധാനമുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ച് വീടുകളുടെ സ്ഥാനം ജിയോടാഗ് ചെയ്യുകയുമുണ്ടായി. കുടുംബങ്ങളുടെ എണ്ണം കൂടുതലായി കണ്ടെത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ ഉപസമിതികൾ ചേർന്ന് പട്ടിക പുന:പരിശോധിച്ച ശേഷമാണ് അന്തിമമാക്കിയത്. എന്യൂമറേഷൻ കഴിഞ്ഞ പട്ടികയിലെ 20 ശതമാനം കുടുംബങ്ങളുടെ അർഹത ഗ്രാമപഞ്ചായത്തുതലത്തിൽ ബ്ലോക്ക് തല ഉദ്യോഗസ്ഥരും നഗരസഭകളിൽ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് സൂപ്പർചെക്ക് ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കളക്ടറുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, റീജ്യണൽ ജോയിന്റ് ഡയറക്ടർ (നഗരകാര്യം), ജില്ലാ പ്ലാനിംഗ് ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, ഐ.കെ.എം ജില്ലാ ഓഫീസർ, കില ജില്ലാ ഫെസിലിറ്റേറ്റർ എന്നിവരടങ്ങുന്ന ജില്ലാതല സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കരട് ലിസ്റ്റ് ഗ്രാമ, വാർഡ് സഭയും ഭരണ സമിതികളും അംഗീകരിച്ചതോടെ അതി ദരിദ്രകുടുംബങ്ങളുടെ അന്തിമ പട്ടികയായി.
പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മൈക്രോപ്ലാനുകൾ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി നടപ്പിലാക്കും
- പ്രീതി മേനോൻ, ജില്ലാ നോഡൽ ഓഫീസർ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ