
കേരളത്തെ നടുക്കത്തിലാഴ്ത്തിയ രണ്ട് പ്രളയങ്ങളുടെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. പ്രളയപാച്ചിലിൽ ജീവൻ നഷ്ടമായവരും തോരാത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിലമർന്ന മനുഷ്യ ജീവനുകളുമെല്ലാം ഇന്നും മലയാളിയുടെ മനസിൽ വിങ്ങുന്ന ഒാർമയായി നിലനിൽക്കുന്നുണ്ടാവും. പ്രളയത്തിന്റെ ഇരകളെ ചേർത്തുപിടിക്കാനായിരുന്നു സർക്കാർ ശ്രമിച്ചിരുന്നത്. ദുരിതാശ്വാസ ഫണ്ടും,വിവിധ പദ്ധതികളുമെല്ലാം വീട് നഷ്ടപ്പെട്ടവർക്കും മറ്റുമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രളയത്തെ തുടർന്ന് എല്ലാം നഷ്ടപെട്ടവർക്ക് കരുതലാവാൻ ഇൗ പ്രഖ്യാപനങ്ങളും നഷ്ടപരിഹാരവും മാത്രമായിരുന്നു ഏക ആശ്വാസം.എന്നാൽ വർഷം മൂന്ന് കഴിയുമ്പോഴും പ്രഖ്യാപനങ്ങളും അനുവദിച്ച പദ്ധതികളുമെല്ലാം ചില പേപ്പറുകളിൽ ഒതുങ്ങികൂടിയ അവസ്ഥയാണ്. പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയതും മനുഷ്യ ജീവൻ അപഹരിച്ചതുമായ പട്ടികയിൽ മലപ്പുറവുമുണ്ട്. പ്രളയപുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പലതുമിന്ന് ജില്ലയിൽ പൂർത്തീകരിക്കാനാവാതെ അനിശ്ചിതത്വത്തിലാണ്. ചില പദ്ധതികൾക്ക് വേഗത കുറവുമുണ്ട്.
കേരളം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കവളപ്പാറ ദുരന്തം. ഒരുപ്രദേശം തന്നെ ഇല്ലാതാവുകയും,നിരവധി കുടുംബങ്ങൾ മണ്ണിലമർന്ന് ജീവൻ പൊലിയുകയും ചെയ്തിരുന്നു. തോരാതെ പെയ്ത മഴയെ തുടർന്ന് ഒാടക്കയത്തെ ആദിവാസി കോളനിയിലെ ഒമ്പതുപേർ മരിച്ചിരുന്നു. ആദിവാസികളായതിനാൽ പ്രത്യേകം ശ്രദ്ധയും പരിചരണവും നൽകേണ്ടതുമാണ്. ഇവിടെയും പുനരധിവാസത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. കവളപ്പാറയിലെ പല കുടുംബങ്ങളും താമസിക്കുന്നത് താത്ക്കാലിക ഷെഡുകളിലും മറ്റുമാണ്. ദുരിതത്തിലെ ഇരകൾക്കായി സർക്കാർ അനുവദിച്ചിരുന്ന പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കേണ്ടതുണ്ട്. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും ഇവർക്ക് സുരക്ഷിതമായി താമസിക്കാനുതകുന്ന സംവിധാനമൊരുക്കിയില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടി വരും. ഒാടക്കയത്തെ ആദിവാസി മേഖലയടക്കം ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. പ്രവൃത്തിയിലെ മെല്ലെപോക്കിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തുണ്ടെങ്കിലും പദ്ധതിയിലെ അനിശ്ചിതത്വത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
പത്തൊമ്പത് കുടുംബങ്ങൾ
ഉരുൾപൊട്ടൽ ഭീഷണിയിൽ
2018ലെ കനത്ത മഴയ തുടർന്നാണ് മലപ്പുറം ഉൗർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ഒാടക്കയത്ത് ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചത്. ഇതിനെ തുടർന്ന് റവന്യൂ വകുപ്പും ജിയോളജി വകുപ്പും ചേർന്ന് നടത്തിയ സർവേയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ സമീപ വീടുകൾക്കും മറ്റും സുരക്ഷ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സർവേയുടെ അടിസ്ഥാനത്തിലാണ് ഇൗ ഭാഗത്തെ ആദിവാസി കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും വീടിനും സ്ഥലത്തിനുമായി പണമനുവദിച്ചിരുന്നത്. സുരക്ഷ പ്രശ്നങ്ങൾ അനുഭവിക്കുന്നവരേയും ഉരുൾപൊട്ടലിൽ വീട് നഷ്ടമായവരേയും ചേർത്ത് 78 കുടുംബങ്ങളെയാണ് പുനരധിവാസത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇതിൽത്തന്നെ പത്ത് ആദിവാസി കുടുംബങ്ങൾ പുനരധിവാസത്തിന് തയ്യാറായാവാത്തതിനെ തുടർന്ന് 68 കുടുംബങ്ങൾക്കായി ഫണ്ട് അനുവദിക്കുകയായിരുന്നു. ഭൂമി വാങ്ങിക്കാൻ ആറ് ലക്ഷവും,വീട് നിർമാണത്തിന് നാല് ലക്ഷവുമാണ് അനുവദിച്ചിരുന്നത്. ഇതിൽ ഭൂമിക്കായുള്ള ആറ് ലക്ഷം എല്ലാ കുടുംബങ്ങൾക്കും നൽകിയിട്ടുണ്ട്. 48 കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള നാല് ലക്ഷവും ലഭിച്ചു. എന്നാൽ 19 കുടുബങ്ങൾക്ക് ഭൂമി ലഭിച്ചതല്ലാതെ വീടിനായുള്ള പണം ഇനിയും ലഭിച്ചിട്ടില്ല. വീടിന്റെ തറനിർമാണത്തിനുള്ള 95,000 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് (എസ്.ഡി.ആർ,എഫ്) നൽകേണ്ടത്. എന്നാൽ 19 കുടുംബങ്ങൾക്ക് ഇൗ തുക ലഭിക്കാത്തതാണ് പ്രശ്നം. എസ്.ഡി.ആർ.എഫിലെ ഫണ്ട് അനുവദിച്ചാൽ മാത്രമേ സി.എം.ഡി.ആർ.എഫിൽ നിന്നുള്ള 30,5000 രൂപ ലഭിക്കുകയുള്ളൂ. വിഷയത്തിൽ പരാതി ഉന്നയിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെന്നാണ് വാർഡ് മെമ്പർ പറയുന്നത്. 19 കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള തുക എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് ആശങ്കയിലാണിവർ. അടുത്ത മൂന്ന് മാസങ്ങൾക്കകം പണി പൂർത്തീകരിച്ചില്ലെങ്കിൽ സർവേയിൽ കണ്ടെത്തിയ ഉരുൾപൊട്ടൽ ഭീഷണിയ്ക്ക് ഇൗ കുടുംബങ്ങൾ ഇരയാകേണ്ടി വരും.
കവളപ്പാറയിലെ ദുരിതത്തിന് അറുതിയായില്ല
2019ലെ പ്രളയത്തെ തുടർന്നാണ് കവളപ്പാറയിലെ മുത്തപ്പൻകുന്ന് ഇടിഞ്ഞ് 59 ജീവനുകൾ പൊലിഞ്ഞത്. കേരളത്തെ തീർത്തും മുൾമുനയിൽ നിർത്തിയ കാഴ്ച്ചയായിരുന്നു അത്. ഒരു പ്രദേശത്തെ വീടുകൾ ഒന്നടങ്കം മണ്ണിനടയിൽ അകപ്പെട്ട കാഴ്ച്ച ക്യാമറയിൽ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരടക്കം കരഞ്ഞുപോയ നിമിഷമായിരുന്നു. ഇതിനെതുടർന്ന് വീട് നഷ്ടപ്പെട്ട 127 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപയിൽ വീട് പണിയാനായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ഇതിൽ നാല് ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പും,രണ്ടുലക്ഷം രൂപ എസ്.ടി വകുപ്പുമാണ് നൽകുന്നത്. ദുരന്തനിവാരണ വകുപ്പിന്റെ പണം ലഭിച്ചെങ്കിലും എസ്.ടി വകുപ്പിൽ നിന്നുള്ള പണം ഇതു വരെ ലഭിച്ചിട്ടില്ല. ലഭിച്ച പണം കൊണ്ട് മെയിൻ സ്ലാബ് വരെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയെങ്കിലും കയറിക്കിടക്കാനുള്ള രൂപത്തിലെത്തണമെങ്കിൽ വിവിധ പണികൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ജനറൽ വിഭാഗത്തിന്റെ 87 വീടുകൾക്കും,എസ്.സി വിഭാഗത്തിന്റെ എട്ട് വീടുകൾക്കും സർക്കാർ ഫണ്ടിനൊപ്പം നാട്ടുകാരുടെ സഹായവും ചേർന്നതോടെ പ്രവർത്തികൾ പൂർത്തീകരിക്കാനായി. എന്നാൽ 32 കുടുംബങ്ങളാണ് ഇപ്പോഴും ദുരിതത്തിൽ കഴിയുന്നത്.
നിരവധി തവണ ഇവർ അധികാരികളെ ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ പ്രയോജനവും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണിവർ.
ദുരിതം പേറി ക്യാമ്പുകളും
ദുരന്തത്തിലും ജീവൻ ബാക്കിയായവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരുന്നു. പ്രളയ സമയത്ത് കേരളമൊട്ടാകെ ക്യാമ്പുകൾ സജീവമായിരുന്നെങ്കിലും കവളപ്പാറയിലെ ക്യാമ്പ് ഇപ്പോഴും തുടരുകയാണ്. 32 ആദിവാസി കുടുംബങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്. എന്നാൽ കൊവിഡ് ഭീതിയെ തുടർന്ന് 16ഒാളം ആദിവാസികൾ ക്യാമ്പിൽ നിന്നും ബന്ധുവീടുകളിലേക്കോ മറ്റോ പോയിരുന്നു. എല്ലാവർക്കുമായി വലിയ ഒരു ഹാളും,രണ്ട് ടോയ്ലറ്റും മാത്രമാണുള്ളത്. വാടകയ്ക്ക് വീടെടുക്കാൻ ശേഷിയില്ലാത്തവരാണ് ക്യാമ്പിൽ കഴിയുന്നത്. പ്രളയത്തിന്റെ ഇരകളെ ഇനിയും കൈപിടിച്ചു കയറ്റാൻ സർക്കാരിന് കഴിയാത്തത് വലിയ പരാജയമാണ്.