ksrtc

മലപ്പുറം: ലോക വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി വിനോദയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. വനിതാ യാത്രാവാരമെന്നാണ് സ്ത്രീകൾക്ക് മാത്രമായുള്ള വിനോദയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. വനിതാദിനമായ മാർച്ച് 8 മുതൽ 13 വരെയാണ് ഈ പാക്കേജ്. കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൂന്നാർ, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പ്രത്യേക ടൂർ പാക്കേജ് കഴിഞ്ഞ മൂന്ന് മാസം മുമ്പ് കെ.എസ്.ആർ.ടി.സി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് വനിതാ യാത്രാവാരവും ആരംഭിക്കുന്നത്. ഫാമിലിയായും ഒറ്റയ്ക്കുമെല്ലാം യാത്രയിൽ പങ്കെടുക്കാനാവും. ജില്ലയിൽ നിന്നും മൂന്നാർ, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളിലേക്കാണ് യാത്ര പോവുക.

രാവിലെ നാലിന് ആരംഭിച്ച് രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് മലക്കപ്പാറയിലേക്കുള്ള യാത്ര സജ്ജീകരിച്ചിട്ടുള്ളത്. മൂന്നാറിലേയ്ക്ക് രണ്ട് ദിവസമായിരിക്കും വിനോദയാത്ര. മൂന്നാർ യാത്രയിൽ സ്ത്രീകൾക്ക് പ്രത്യേകമായി താമസ സൗകര്യവും ഒരുക്കുന്നുണ്ട്. ഒരു ദിവസമായിരിക്കും അവിടെ താമസിക്കുക.

മൂന്നാറിലേയ്ക്ക് എ.സി ബസും മലക്കപ്പാറയിലേക്കും വയനാട്ടിലേക്കും സൂപ്പർ ഫാസ്റ്റുമാണുള്ളത്. എ.സി ബസുകളിൽ 39 പേർക്കും സൂപ്പർ ഫാസ്റ്റിൽ 48 പേർക്കും സഞ്ചരിക്കാനാകും. ബസിൽ സ്ത്രീകൾ തന്നെയായിരിക്കും കണ്ടക്ടർ. റിസർവേഷനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫോൺ കാളുകൾ വന്നു തുടങ്ങിയെന്ന് മലപ്പുറം ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയ്ക്ക് അരീക്കോട്, എടപ്പാൾ ഭാഗങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതലാളുകൾ ബുക്കിംഗിനായി വിളിച്ചിട്ടുള്ളത്.

സ്‌പോൺസർമാരെ തേടുന്നു

വനിതായാത്രാവാരം പദ്ധതിയിലേക്ക് സ്‌പോൺസർമാരെ തേടുന്നുണ്ട്. അഗതി മന്ദിരങ്ങളിൽ ഉള്ളവർക്കും മറ്റു അവശതകൾ അനുഭവിക്കുന്നവരേയും യാത്രയിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് സ്‌പോൺസർമാരെ പ്രത്യേകമായി തേടുന്നത്. സ്‌പോൺസർമാർ സഹായിക്കുന്ന മുറയ്ക്ക് അതിലേക്കാവശ്യമായ ഒരു തുക കെ.എസ്.ആർ.ടി.സിയും വഹിക്കം. ജില്ലയിലെ അഗതി മന്ദിരങ്ങളുടേയും അവശതയനുഭവിക്കുന്നവരുടേയും സർവേ റിപ്പോർട്ട് തയ്യാറാക്കാനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

എ.സി ബസിൽ 39 പേർ

സൂപ്പർ ഫാസ്റ്റിൽ 47 പേർ

മാർച്ച് എട്ട് മുതൽ ആരംഭിക്കുന്ന സ്ത്രീകൾക്ക് മാത്രമായുള്ള വിനോദയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. വയനാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റ് നിരക്ക് ആയിരം രൂപയാണ്. നാല് നേരത്തെ ഭക്ഷണവും സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുമെല്ലാം ഇതിൽ ഉൾപ്പെടും. മൂന്നാറിൽ താമസ സൗകര്യത്തിന് ഈടാക്കുന്ന 300 രൂപയടക്കമുള്ള തുകയാണ് 1500.

- കെ. അബ്ദുൾ റഷീദ്, മലപ്പുറം ഡിപ്പോ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്