aryadan-muhammed

നിലമ്പൂർ: വൈദ്യുതി വാങ്ങൽ കരാർ നിർമ്മിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും താൻ അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കട്ടെയെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. കരാറിൽ അപാകതയുണ്ടെങ്കിൽ ഇടത് സർക്കാരിന് റദ്ദാക്കാമായിരുന്നു.

അഞ്ച് വർഷം ഭരിച്ചിട്ടും ആരോപണമുന്നയിച്ച എം.എം. മണി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി വാങ്ങി ഉപയോഗിച്ചിട്ട് മന്ത്രിസ്ഥാനം പോയപ്പോൾ അഴിമതിയുണ്ടെന്ന് പറയുന്നത് അൽപ്പത്തരമാണ്.
2013-14 കാലയളവിൽ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയാണ് ഡിസൈൻ ബിൽഡ് ഫിനാൻസ് ഓൺ ഓപ്പറേഷൻ. 2012-13ൽ കെ.എസ്.ഇ.ബി വാങ്ങിയിരുന്ന വൈദ്യുതി തികയാതെ വന്നപ്പോഴാണ് കേന്ദ്ര സ്‌കീമിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ചെയ്യാൻ തീരുമാനിച്ചത്.

കേരളത്തിനൊപ്പം തമിഴ്നാടും കർണാടകയും അന്ധ്രയും ടെൻഡർ വിളിച്ചിരുന്നു. വൈദ്യുതി പുറമെ നിന്ന് കൊണ്ടുവരാനുള്ള കോറിഡോർ തമിഴ്നാടിന് നൽകിയിട്ടേ കേരളത്തിന് അനുവദിക്കൂ എന്ന് പവർഗ്രിഡ് കോർപ്പറേഷൻ നിലപാടെടുത്തു. ഇതിനെതിരെ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ കേസ് നൽകി കെ.എസ്.ഇ.ബി അനുകൂല വിധിയും നേടിയിരുന്നു.

തമിഴ്നാട് 4.88 രൂപയ്ക്ക് കരാർ വച്ചപ്പോൾ 4.16 രൂപയ്ക്കായിരുന്നു കെ.എസ്.ഇ.ബിയുടെ കരാർ. കരാറനുസരിച്ച് 2016 ഡിസംബറിൽ 350 മെഗാവാട്ടും തുടർന്ന് 2017 നവംബറിൽ ബാക്കി വൈദ്യുതിയും വാങ്ങിയത് എൽ.ഡി.എഫ് സർക്കാരാണ്. കരാർ തുടരുന്നത് കൊണ്ടാണ് ആറ് വർഷമായി കേരളത്തിൽ ലോഡ് ഷെഡിംഗ് ഇല്ലാത്തതെന്നും ആര്യാടൻ പറഞ്ഞു.