
മലപ്പുറം: അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പെരുവള്ളൂർ കരുവാംകല്ല് എടപ്പനത്തൊടി ഷറഫുദ്ദീൻ തീവ്രവാദ വഴിയിലെത്തിയത് ത്വരീഖത്തിൽ നിന്ന് വ്യതിചലിച്ച്.
പത്താംതരം വരെ പഠിച്ച ഷറഫുദ്ദീൻ നാട്ടിൽ ഡ്രൈവറായിരുന്നു. പ്രകടമായ രാഷ്ട്രീയമോ മുഖ്യധാരാ മത സംഘടനകളിൽ അംഗത്വമോ ഇല്ലായിരുന്നു. ത്വരീഖത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചു. ഇതിനിടെ തീവ്രവാദ സംഘടനകളിലേക്ക് വഴിതിരിഞ്ഞു. പിതാവ് സൈനുദ്ദീനും സഹോദരി ഭർത്താവ് അബ്ദുൽ റഹീമും നേരത്തേ തീവ്രവാദ വഴിയേ സഞ്ചരിച്ചവരായതിനാൽ ഇവരും സ്വാധീനിച്ചേക്കാമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഷറഫുദ്ദീന് ഭാര്യയും പ്ലസ്ടുവിലും പത്തിലും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. ഇയാൾക്കെതിരെ നാട്ടിൽ കേസുകളില്ലെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു
ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീനും അഹമ്മദാബാദ് സ്ഫോടന കേസിൽ പ്രതിയായെങ്കിലും വെറുതെവിട്ടു. 1995 ഡിസംബർ 31ന് കടലുണ്ടിപുഴയിലെ കൂമൻതല്ല് പാലത്തിനടിയിൽ നിന്ന് പൈപ്പ് ബോംബുകൾ കണ്ടെത്തിയ കേസിൽ മൂന്നാംപ്രതിയാണ് സൈനുദ്ദീൻ. കാശ്മീരിലെ കുപ്‌വാരയിൽ സൈന്യത്തിനെതിരെ നടത്തിയ ആക്രമണത്തിൽ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുൽ റഹീം മരുമകനാണ്.