d

താനൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ നൂറിലധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റൻപാറവീട്ടിൽ സുഡാനി ഹമീദ് എന്ന അബ്ദുൽ ഹമീദിനെയും(38), താനാളൂർ പഞ്ചായത്ത് കുണ്ടുങ്ങൽ വാടകവീട്ടിൽ താമസിക്കുന്ന കണ്ടോട്ടി പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് ആഷിഖിനെയും (32) താനൂർ പൊലീസ് പിടികൂടി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത് എൻ, ഹരിദാസ്, സുബൈർ താനൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളായ ഇൻസ്‌പെക്ടർ ഹണി കെ.ദാസ്, സീനിയർ സി.പി.ഒ സലേഷ് കെ, ജിനേഷ്, സബറുദ്ദീൻ എം.പി, ആൽബിൻ അഭിമന്യു, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി ഹമീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 24ന് താനൂർ ശോഭ പറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുരളീധരന്റെ അടച്ചിട്ട വീട്ടിൽ കയറി ഹമീദ് ഇൻവെർട്ടർ മോഷ്ടിച്ചിരുന്നു. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് പ്രതികൾ പിടിയിലായത്. ഹമീദ് നിലവിൽ കർണാടകയിലെ മംഗലാപുരത്തും തമിഴ്നാട്ടിലെ സേലത്തുമാണ് ഒളിവിൽ കഴിയുന്നതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ഇവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഹമീദിന് നിലവിൽ പരപ്പനങ്ങാടി, താനൂർ, നിലമ്പൂർ, പട്ടാമ്പി, ആലത്തൂർ, തൃത്താല, ആലത്തിയൂർ, ഒറ്റപ്പാലം, കോഴിക്കോട്, കോങ്ങാട് നല്ലളം, കൊണ്ടോട്ടി, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കൂടാതെ മോഷ്ടാവിന്റെ കുറ്റ സമ്മതപ്രകാരം തിരൂര്, പെരുന്തല്ലൂർ,പൊന്നാനി ഈശ്വരമംഗലം, കോട്ടത്തറ, തുടങ്ങിയ സ്ഥലങ്ങളിലും ജില്ലക്ക് പുറത്തും മോഷണം നടത്തിയതായി അറിവായിട്ടുണ്ട്.

ആഷിക്ക് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസും ഹമീദിനു മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസുമുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും