j

മലപ്പുറം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.ടി. ജലീൽ എം.എൽ.എയും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിൽ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹത്തിൽ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത്. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് പതിവാണെന്നും രാഷ്ട്രീയ സംവാദങ്ങൾ നടത്തുന്നവർ തമ്മിൽ വ്യക്തിപരമായി അകൽച്ചയിലാണെന്നത് തെറ്റിദ്ധാരണയാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ സംഭാഷണങ്ങൾ വേറെയാണ്. കല്യാണ സദസ്സിലോ മറ്റോ പരസ്പരം കണ്ടാൽ ഓടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഹസ്യകൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്ന പ്രതികരണവുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും രംഗത്തെത്തിയത്. ഇരുവരും തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ചയുണ്ടായിട്ടില്ല. രാഷ്ട്രീയക്കാ‌ർ തമ്മിൽ ആശയപരമായ തർക്കമാണുള്ളതെന്നും വ്യക്തികൾ തമ്മിൽ കാണുമ്പോൾ മാദ്ധ്യമങ്ങളെ പേടിച്ച് മിണ്ടാതെ നടക്കാനാവില്ലെന്നും പി.എം.എ. സലാം പറഞ്ഞു.