d
പെരിന്തൽമണ്ണയിൽ റബ്ബർ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം

പെരിന്തൽമണ്ണ: പാതാക്കരയിൽ മിറാക്കിൾ ടയർ ഫാക്ടറിയിൽ തീപിടിത്തം. പെരിന്തൽമണ്ണ അഗ്നിശമന സേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിറുത്തിയ ഫാക്ടറിയുടെ മുറ്റത്ത് കൂട്ടിയിട്ട ടയർ അവശിഷ്ടങ്ങളിലാണ് തീപടർന്നത്. ഓടിക്കൂടിയ നാട്ടുകാർക്ക് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുനില കെട്ടിടത്തിന് ഉയരത്തിൽ തീ പടർന്നു പിടിച്ചിരുന്നു. തുടർന്ന് അഗ്നിശമന സേനയെത്തി ഒരു മണിയോടെയാണ് തീ അണച്ചത്.
ടയർ കത്തിയുണ്ടായ കറുത്ത പുകയും ചൂടും കാരണം ആർക്കും പ്രദേശത്തേക്ക് അടുക്കാൻ പോലും സാധിക്കുമായിരുന്നില്ല. കൃത്യസമയത്ത് തീയണക്കാൻ സാധിച്ചത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറയുന്നു.