malappuram

മലപ്പുറം: ജാഗ്രതയിലും മുൻകരുതലിലും ഒമിക്രോണിനെ ക്ലാസിന് പുറത്തിരുത്തി ഇന്ന് മുതൽ സ്കൂളുകൾ വീണ്ടും സജീവമാകും. കൊവിഡിനെ തുടർന്ന് ഏറെ കാലം അടഞ്ഞു കിടന്നും പിന്നീട് നിയന്ത്രണങ്ങളോടെയും പ്രവർത്തിച്ചിരുന്ന ക്ലാസ് മുറികളിൽ ഇന്ന് മുതൽ ഫുൾ ഹാജറുണ്ടാവും. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും രാവിലെ മുതൽ വൈകിട്ട് വരെയാവും ക്ലാസ്.

കൊവിഡ് സാഹചര്യത്തെ തുടർന്ന് 2020 മാർച്ചിനായിരുന്നു വിദ്യാഭാസ സ്ഥാപനങ്ങളെല്ലാം പൂർണ തോതിൽ അടച്ചിട്ടിരുന്നത്. നീണ്ട ഒന്നരവർഷം ഓൺലൈൻ ക്ലാസുകളോട് വിദ്യാർ‌ത്ഥികൾക്ക് പൊരുത്തപ്പെടേണ്ടി വന്നു. ഒന്നാം തരംഗം കഴിഞ്ഞ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമായിരുന്നു ഇരുന്നിരുന്നത്. എന്നാൽ വീണ്ടും കൊവിഡ് ശക്തിയാർ‌ജിച്ചതോടെ സ്കൂളുകളെല്ലാം വീണ്ടും അടച്ചിട്ടു. സ്കൂളുകളുടെ പൂർണ്ണമായ പ്രവർത്തന സംവിധാനം കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായിരുന്നില്ല. 2021-2022 അക്കാദമിക വർഷത്തിന്റെ അവസാന നാളുകളിലാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ വീണ്ടും പ്രവേശിക്കുന്നത്. ഇന്ന് ആരംഭിച്ച് മാർച്ച് അവസാനം വരെയാണ് ഇനി ക്ലാസുകൾ ഉണ്ടാവുക. വാർഷിക പരീക്ഷകളും, എസ്.എസ്.എൽസി പരീക്ഷകൾക്കുമായി കൂടുതൽ പരിശീലനം നൽകുക എന്ന ലക്ഷ്യവും അദ്ധ്യാപകർക്കുണ്ട്. ബെഞ്ചുകളിൽ മുഴുവൻ കുട്ടികൾക്കും ഇരിക്കാനാവും. മുഖത്ത് നിന്ന് മാസ്ക്കുകൾ ഒഴിവാക്കാനായിട്ടില്ലെങ്കിലും സ്കൂളുകളുടെ പഴയ മാധുര്യം തിരികെ ലഭിക്കുമെന്ന സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ

ലഹരി ഉപയോഗിച്ചാൽ കർശന നടപടി

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് കർശന നടപടി സ്വീകരിക്കും. ഇതിനായി ബോധവത്ക്കരണ ക്ലാസുകൾ നടത്തും.സ്‌കൂളുകൾ ആരംഭിക്കുന്ന സമയത്ത് പൊലീസ് നിരീക്ഷണമുണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാകളക്ടർ നിർദ്ദേശം നൽകി.

ബസിൽ കയറ്റിയേ പറ്റൂ

കുട്ടികളെ ബസിൽ കയറാൻ വിസമ്മതിക്കുന്ന ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പും സജ്ജമാണ്. യാത്രാ സൗകര്യം ഉറപ്പുവരുത്താനായി പി.ടി.എ മുൻകൈയെടുക്കും. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്.

എസ്.എസ്.എൽ.സി പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം

എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അദ്ധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചുവെന്ന റിപ്പോർട്ട് പ്രധാനാദ്ധ്യാപകർ മുഖേനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എല്ലാ ശനിയാഴ്ചയും നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകണം.

നീണ്ട ഇടവേളയ്തക്ക് ശേഷമാണ് സ്കൂളുകൾ പൂർണമായും തുറക്കുന്നത്. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ അദ്ധ്യാപകർ നൽകണം.

കെ.ഷിബിൽ

രക്ഷിതാവ്