
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.ടി.ജലീൽ എം.എൽ.എയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണത്തിൽ മറുപടിയുമായി കെ.ടി.ജലീൽ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ നിലപാടുകളും സൗഹൃദവും വേറെ വെറെയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമ്മം. ഭൂരിപക്ഷ വർഗീയത തിമിർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്നത് ഇടതുപക്ഷമാണ്. മർദ്ദിത ന്യൂനപക്ഷ സമുദായങ്ങളും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസിലാക്കി ഒറ്റയ്ക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാസിസ്റ്റുകൾ മാത്രം ഒരുചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അത് സംഭവിക്കും. അങ്ങനെ കേരളം ഇന്ത്യയ്ക്ക് വഴികാട്ടുമെന്നും ജലീൽ കുറിച്ചു.
ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രമടക്കം പങ്കുവച്ചാണ് ജലീലിന്റെ പ്രതികരണം. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് പതിവാണെന്നും, രാഷ്ട്രീയ സംവാദങ്ങൾ നടത്തുന്നവർ തമ്മിൽ വ്യക്തിപരമായി അകൽച്ചയിലാണെന്നത് തെറ്റിദ്ധാരണയാണെന്നും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.