 
പെരിന്തൽമണ്ണ: കൊളത്തൂർ അമ്പലപ്പടിയിൽ നിന്ന് സ്കോർപിയോ വാഹനം മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും കൊളത്തൂർ പൊലീസിന്റെ പിടിയിൽ. ഏഴ് ജില്ലകളിലായി എൺപതിലധികം മോഷണ കേസുകളിൽ പ്രതിയായ മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയിൽ ജേക്കബ് ലൂയിസ് (44), കൂട്ടാളി കോയമ്പത്തൂർ ഉക്കടം സ്വദേശി ജെയിലാബ്ദീൻ(46) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇവരെ ചോദ്യം ചെയ്തതിൽ അഞ്ച് ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാർ എന്നിവ മോഷണം പോയ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കൊളത്തൂർ പൊലീസിന് സാധിച്ചു. കഴിഞ്ഞ ദിവസമാണ് കൊളത്തൂർ അമ്പലപ്പടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപിയോ മോഷണം പോയിരുന്നത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കൊളത്തൂർ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും ഇത്തരം കേസുകളിലെ മുൻ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് ലൂയിസിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാർ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാലപൊട്ടിക്കൽ, വാഹനമോഷണം, തുടങ്ങി നിരവധി കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ചയാണാണ് ജേക്കബ് ലൂയിസ്. കഴിഞ്ഞ ജൂലൈയിലാണ് പാലക്കാട് മലമ്പുഴ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ശേഷം വീണ്ടും വാഹനമോഷണത്തിലേക്ക് കടക്കുകയും കോയമ്പത്തൂർ, പാലക്കാട് ഭാഗത്ത് താമസിച്ച് എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ബസിൽ കറങ്ങിനടന്നും മോഷണം നടത്തിവരികയായിരുന്നു. പകൽ സമയത്ത് വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ കണ്ടുവച്ച് രാത്രിയിലാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. 
മോഷ്ടിക്കുന്ന വാഹനങ്ങൾ കോയമ്പത്തൂരിൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്താറാണ് പതിവ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ അറിയിച്ചു.