പൊന്നാനി: ഇന്ത്യൻ ടെന്നീസ് ബാൾ ക്രിക്കറ്റ് ടീമിന്റെ ആദ്യ മലയാളി ഫിറ്റ്നസ് കോച്ചായി പൊന്നാനി സ്വദേശി മുഹമ്മദ് സഹീർ എത്തുന്നത് അർപ്പണ ബോധത്തിന്റെ പ്രതീകമായി. പൊന്നാനിയിലെ ഒരു കുഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ കയികക്ഷമത പരിശീലകനായി സഹീർ എത്തുമ്പോൾ മലയാളിയാകെ അഭിമാനത്തിന്റെ നെറുകയിലാണ്.
ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത പരിശീലനത്തിന് നേതൃത്വം നൽകാനാണ് പൊന്നാനി എരിക്കാംപാടം സ്വദേശി മുഹമ്മദ് സഹീറിന് ചുമതല കൈവന്നത്. 2020 മുതൽ കേരള ടെന്നീസ് ബാൾ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് കോച്ചായ പണിക്കവീട്ടിൽ സഹീറിന്റെ ഫിറ്റ്നസ് പരിശീലന പാടവ മികവാണ് ദേശീയ ടീമിന്റെ കോച്ചായി തിരഞ്ഞെടുക്കുന്നിടത്തേക്ക് എത്തിയത്. മാസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായപ്പോൾ ഇവർക്ക് കായിക ക്ഷമത പരിശീലകനായി സഹീർ ഉണ്ടായിരുന്നു. 2014-15 വർഷത്തെ സംസ്ഥാന സ്കൂൾ ഗെയിംസിലും, ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിലും വെയ്റ്റ് ലിഫ്റ്റിംഗിൽ ചാമ്പ്യനായിരുന്നു സഹീർ.
തുടർന്ന് ഫിറ്റ്നസ് പരിശീലനത്തിനുള്ള പരീക്ഷാ പാസായ സഹീർ കേരള ടെന്നീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചായി. അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് സഹീറിനെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കാനിടയാക്കിയത്. നേപ്പാളിൽ വച്ചു നടക്കുന്ന ഒന്നാമത് സൗത്ത് ഏഷ്യൻ ടെന്നീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് പരിശീലനത്തിന് സഹീർ നേതൃത്വം നൽകും.
കേരള ടീമിന്റെയും, ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനായ പൊന്നാനി സ്വദേശി ജസീമിന്റെ പിന്തുണയാണ് ഫിറ്റ്നസ് കോച്ചായി തിളങ്ങാൻ സഹീറിന് പ്രചോദനമായത്. പണിക്കവീട്ടിൽ മുഹമ്മദിന്റെയും, സഫയുടെയും മകനാണ് സഹീർ . ദേശീയ ടീമിന്റെ ഫിറ്റ്നസ് കോച്ചായി തിരഞ്ഞെടുത്ത മുഹമ്മദ് സഹീറിനെ പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സഹീറിന് വീട്ടിലെത്തി ഉപഹാരം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ പ്രിയങ്ക വേലായുധൻ, പി.വി ലത്തീഫ് ,മുൻ കൗൺസിലർ കെ.ഗണേശൻ എന്നിവർ പങ്കെടുത്തു.
പരിശീലകനായി സഹീറിന് നേപ്പാളിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് കോൺഗ്രസ് സ്നേഹ സമ്മാനമായി നൽകി. ടിക്കറ്റ് കെ.പി.സി.സി മെമ്പർ അഡ്വ.കെ.ശിവരാമൻ, കോൺഗ്രസ് പ്രവർത്തകരായ കെ.പി.സോമൻ, വി.എൻ.ഷണ്മുഖൻ, പ്രിയങ്ക വേലായുധൻ, പി.സി റഫീഖ് എന്നിവർക്കൊപ്പം മുഹമ്മദ് സഹീറിന്റെ വീട്ടിലെത്തി കൈമാറി.