വഴിക്കടവ്: വായ്പാ തിരിച്ചടവിന് നൽകിയ പണവുമായി മുങ്ങിയയാൾ വഴിക്കടവ് പൊലീസിന്റെ പിടിയിലായി. വഴിക്കടവ് ആനമറി മണ്ണൂർ കാട്ടിൽ ദിനേശ് കുമാറിനെയാണ് (46) സബ് ഇൻസ്പെക്ടർ ഒ.കെ.വേണു അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
എടക്കര സർവ്വീസ് സഹരണ ബാങ്കിൽ നിന്നും കുടുബശ്രീ വഴി സംഘം ചേർന്ന് കന്നുകാലികളെ വാങ്ങിക്കുന്നതിനായി ദിനേശിന്റെ ഭാര്യയും പരാതിക്കാരായ സ്ത്രീകളും മൂന്ന് ലക്ഷം രൂപ വായ്പെയടുത്തിരുന്നു. ഗഡുക്കൾ അംഗങ്ങൾ ബാങ്കിൽ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരിക്കെ സഹായിക്കാനെന്ന വ്യാജേനെ ഓട്ടോ ഡ്രൈവറായ ദിനേശ് ഭാര്യ മുഖാന്തരം കുടുംബശ്രീ അംഗങ്ങളെ സമീപിക്കുകയും മറ്റ് അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ തന്റെ കൈവശമാണ് ബാങ്കിൽ പണമടക്കാനായി പണമേൽപ്പിക്കാറെന്നും വിശ്വസിപ്പിച്ചു. എന്നാൽ ഇദ്ദേഹം പണമടച്ചിരുന്നില്ല. വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതിനെ തുടർന്ന് സത്രീകൾ വഴിക്കടവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.