crime

മലപ്പുറം: ജില്ലയിലെ സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് അനധികൃത മണൽ,​ മണ്ണ് കടത്തുകൾ വ്യാപകമാകുന്നതിന് വഴിയൊരുക്കുന്നു. രാത്രിയുടെ മറപിടിച്ച് അനധികൃത കടത്ത് സജീവമാണെങ്കിലും പൊലീസിന്റെ കൈയിൽ പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. രാത്രി പരിശോധന കൂടുതൽ സജീവമാക്കുന്നതിന് പൊലീസുകാരുടെ കുറവാണ് തടസ്സം. ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ സ്റ്റേഷൻ പരിധികളിലാണ് വ്യാപകമായി മണലും, മണ്ണും കടത്തുന്നത്. കൊവിഡിന് മുമ്പ് മണൽ കടത്ത് കുറവായിരുന്നെങ്കിലും കൊവിഡിലെ പ്രതിസന്ധിയെ തുടർന്ന് ചെറുപ്പക്കാരടക്കം ഈ രംഗത്തേക്കിറങ്ങിയിട്ടുണ്ട്. മണൽ കടത്തുന്ന വാഹനങ്ങൾക്ക് പിറകെ ജീവൻ പണയം വെച്ചാണ് പൊലീസിന്റെ ഓട്ടം. മണൽ കടത്തുന്നവരുടെ മുന്നിൽ പൊലീസുകാരുടെ അംഗബലത്തിന്റെ കുറവ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

വ്യാപകമായ മണൽ കടത്ത് നടക്കുന്ന ഭാഗങ്ങളിലൊന്നാണ് അരീക്കോട്. പൊലീസ് സ്റ്റേഷനിലെ നിലവിലെ അംഗസംഖ്യയനുസരിച്ച് ഇത്തരക്കാരെ പൂട്ടാനായി വേട്ടക്കിറങ്ങിയാൽ പരാജയപ്പെടുന്ന സ്ഥിയാണ്. ആദ്യകാലങ്ങളിൽ അരീക്കോട് സ്റ്റേഷനിലേക്ക് എം.എസ്.പിയിൽ നിന്ന് പൊലീസുകാരെ അയച്ചിരുന്നു. ഇവരുടെ സഹായത്തോടെയായിരുന്നു രാത്രിയിലടക്കം മണൽ കൊള്ളക്കാരെ പിടികൂടിയിരുന്നത്. ഇപ്പോൾ എം.എസ്.പിയിൽ നിന്നും ആരെയും സഹായത്തിനായി ഉപയോഗിക്കാറില്ല. നിലവിലെ അംഗസംഖ്യ ഉപയോഗിച്ച് സ്റ്റേഷനിലെ പൊതുപ്രവർത്തനങ്ങൾ തന്നെ മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ല. ഒഴിവുകൾ നികത്തി പരിഹാരം കാണമമെന്ന ആവശ്യമുന്നയിച്ച് ജില്ലാ കളക്ടർക്കും,എസ്.പിക്കും സ്റ്റേഷൻ ഇൻസ്പെക്ടർ സി.വി ലൈജുമോൻ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. സമാനസ്ഥിതിയാണ് ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലുമുള്ളത്.

പകൽ ശാന്തം,രാത്രിയിൽ കൊള്ള

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നിരവധി തന്ത്രങ്ങളാണ് മാഫിയകൾ മെനയുന്നത്. ഇൻസ്പെക്ടറുടെ വീടിന്റെ ഭാഗത്തും സ്റ്റേഷൻ പരിസരത്തും എസ്കോർട്ടുകളെ നിർത്തും. സ്റ്റേഷനിൽ നിന്ന് ജീപ്പ് പുറത്തിറങ്ങിയാൽ സന്ദേശം കൈമാറും. പൊലീസിന്റെ നീക്കങ്ങളെ സഥാസമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വൻമാഫിയകളാണിത്. സ്കൂൾ വിദ്യാർത്ഥികളെയടക്കം എസ്കോർട്ട് ജോലിക്കായി ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ലക്ഷ്യം വയ്ക്കുന്നത്.

അനക്കമില്ലാതെ റവന്യു വകുപ്പും പഞ്ചായത്തും

മണൽ വാരുന്ന കടവുകൾ അടച്ചിടാൻ അതാത് സ്റ്റേഷൻ ഇൻസ്പെക്ടർമാർ പഞ്ചായത്തിനും വില്ലേജിനും നിർദ്ദേശം നൽകാറുണ്ടെങ്കിലും അറിഞ്ഞില്ലെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ. പേരിന് മാത്രമായി അടച്ചിടുമെങ്കിലും ആവശ്യക്കാർ വീണ്ടും തുറക്കും. സ്ഥിരമായി ഒരു സംവിധാനമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടിയിട്ട മണലുകൾ റവന്യൂ വകുപ്പെത്തി ലേലം ചെയ്യുന്ന നടപടിയും മന്ദഗതിയിലാണ്.

ജനുവരി ഫെബ്രുവരി മാസങ്ങളിലായി പിടിച്ചത്

അരീക്കോട് സ്റ്റേഷൻ -മൂന്ന് വണ്ടി മണൽ

വാഴക്കാട് സ്റ്റേഷൻ - പുഴയിൽ താഴ്ത്തിയത് 50 തോണി മണൽ

മണൽ ലോറി - 6

പിടിച്ച മണ്ണ് - ജെ.സി.ബി -1

ടിപ്പർ - 8

നിലമ്പൂർ സ്റ്റേഷൻ - നാല് ലോറി മണൽ

മണ്ണ് ജെ.സി.ബി-3

ടിപ്പർ-2

അരീക്കോട് പൊലീസ് സ്റ്റേഷനിൽ ആകെ അംഗങ്ങൾ-36

ഒഴിവുകൾ-4