school
ഇനി പഠനം ക്ലാസുകളിൽ... കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​അ​ട​ച്ചി​ട്ടി​രു​ന്ന​ ​സ്കൂ​ളു​ക​ളി​ൽ​ ​എ​ല്ലാ​ ​കു​ട്ടി​ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ന​ലെ​ ​മു​ത​ൽ​ ​പൂ​ർ​ണ്ണ​മാ​യി​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ച്ച​പ്പോ​ൾ മ​ല​പ്പു​റം​ ​എ.​യു.​പി​ ​സ്കൂ​ളി​ൽ​ ​എ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥിക​ൾ​ ​വൈ​കു​ന്നേ​രം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ന്നു.​ ​- ഫോ​ട്ടോ​ ​:​ ​അ​ഭി​ജി​ത്ത് ​ര​വി

മലപ്പുറം: 'ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്, കുറേ നേരം കാണാം, പഠിക്കാം, ഓൺലൈനിൽ ക്ലാസ് കേൾക്കുന്നതിനേക്കാൾ രസം ഇവിടുന്ന് കേൾക്കുന്നതാ.' കൂട്ടുകാരെ മുഴുവൻ കാണാൻ പറ്റിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മലപ്പുറം എ.എം.എൽ.പി സ്‌കൂളിലെ കുരുന്നുകൾ. സംസ്ഥാനത്ത് കൊവിഡ് മഹാമാരിക്ക് ശേഷം സ്‌കൂളുകൾ പൂർണ്ണമായും തുറന്നതോടെ ഏറെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. ഇതുവരെ ബാച്ചുകളായിട്ടായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ഇന്നലെ മുതലാണ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പുതുക്കിയ മാർഗ്ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാണ് ക്ലാസുകൾ നടക്കുന്നത്. ശനിയാഴ്ച്ചകളും പ്രവൃത്തി ദിവസങ്ങളാണ്.

സ്‌കൂളുകൾ പഴയ നിലയിലേക്ക് എത്തിയതോടെ ഓഫ്‌ലൈനായി കുട്ടികളെ പഠിപ്പിക്കാനായതിലെ സന്തോഷത്തിലാണ് അദ്ധ്യാപകർ. കൂട്ടുകാരെ എല്ലാവരെയും ഒരുമിച്ചു കിട്ടിയതിന്റെ ആവേശം കുട്ടികളിലും ചെറുതല്ല. വിദ്യാർത്ഥികളുടെ ശരീരതാപനില പരിശോധിക്കാനും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്താനും വേണ്ട സജ്ജീകരണങ്ങൾ സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരോട് ലീവെടുക്കാനുള്ള നിർദ്ദേശം രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്. ഓൺലൈൻ ക്ലാസ് മടുപ്പാണെന്നും സ്‌കൂളിൽ വരുന്നതാണ് ഇഷ്ടമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബാച്ചുകളായി ഒരേ പാഠഭാഗങ്ങൾ ആവർത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നെന്നും ഓൺലൈൻ ക്ലാസ് കേൾക്കുന്ന കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മലപ്പുറം എ.എം.എൽ.പി സ്‌കൂൾ അദ്ധ്യാപിക സി.പി. സുബൈദ പറഞ്ഞു.

ഓൺലൈൻ വിദ്യാഭ്യാസം ഭൂരിഭാഗം വിദ്യാർത്ഥികളുടേയും പഠന നിലവാരത്തെ ബാധിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മെച്ചപ്പെടുത്താൻ അധിക ക്ലാസുകളും ഇംഗ്ലീഷ്, മലയാളം, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകാൻ 'മലയാള തിളക്കം' , ' ഗണിത വിജയം' എന്നീ പദ്ധതികളും സ്‌കൂളിൽ ആരംഭിക്കും. കുട്ടികൾ സ്‌കൂളിലേക്ക് വരാൻ കാണിക്കുന്ന ആഗ്രഹവും അവരുടെ സന്തോഷവും അദ്ധ്യാപകർ എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ചറിയുന്നുണ്ട്.

- കെ. അബ്ദുൽ ലത്തീഫ് ,​ പ്രധാനാദ്ധ്യാപകൻ,​ എ.എം.എൽ.പി.എസ് മലപ്പുറം.