g
കഞ്ചാവുമായി പിടിയിലായ പ്രതികൾ

പരപ്പനങ്ങാടി: എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും പൊന്നാനി എക്‌സ്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 10കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാളിൽ അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ ചെരിയാച്ചൻ വീട്ടിൽ മുഹമ്മദ് ഷെരീഫ് (28), തിരൂർ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടിൽ നവാസ് (25), തിരുവനന്തപുരം വർക്കല സ്വദേശി അമ്പാടി വീട്ടിൽ ജയേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ അന്ധ്രാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി, തിരൂർ മേഖലകളിൽ വില്പന നടത്തിവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ചയായി എക്‌സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എടപ്പാളിൽ, പാലക്കാട് - പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ബാഗിൽ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
കമ്മീഷണർ ഉത്തരമേഖലാ സ്‌ക്വാഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്, അസി:എക്‌സ്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) കെ. ഷിബു ശങ്കർ, കെ പ്രദീപ് കുമാർ, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽ ദാസ് പൊന്നാനി റേഞ്ച് ഇൻസ്‌പെക്ടർ സാദിഖ് എ, പ്രിവന്റീവ് ഓഫീസർ മുരുകൻ, സിവിൽ എക്‌സ്സൈസ് ഓഫീസർമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.