board
കഴിഞ്ഞദിവസം രാത്രിയിൽ പിഴുതെറിഞ്ഞ സൂചനാ ബോർഡ് നാട്ടുകാർ ചേർന്ന് ശരിയാക്കുന്നു

അരീക്കോട്: റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി പി.ഡബ്ലിയു.ഡി സ്ഥാപിച്ച സൂചനാ ബോർഡുകൾ സാമൂഹിക വിരുദ്ധർ തുടർച്ചയായി പിഴുതെറിയുന്നുവെന്ന് പരാതി. ഊർങ്ങാട്ടിരി ഓടക്കയത്താണ് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നത്.

തെരട്ടമ്മൽ-ഓടക്കയം റോഡ് നവീകരണം നടക്കുന്നതിന്റെ ഭാഗമായി ഓടക്കയത്ത് സ്ഥാപിച്ച സൂചനാ ബോർഡാണ് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ പിഴുതെറിയുന്നത്. ഓടക്കയം അങ്ങാടിയിലേക്കുള്ള വഴി കാണിക്കുന്ന ബോർഡാണിത്. രാത്രിയിൽ പിഴുതെറിഞ്ഞ ബോർഡ് പുലർച്ച സമയത്ത് അങ്ങാടിയിലെത്തുന്ന നാട്ടുകാരാണ് വീണ്ടും കൃത്യസ്ഥാനത്ത് സ്ഥാപിക്കാറുള്ളത്. സംഭവം തുടർച്ചയായതോടെ നാട്ടുകാരും രോഷത്തിലാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാഹചര്യം കണക്കിലെടുത്ത് ഓടക്കയം ഭാഗത്ത് പൊലീസിന്റെ നൈറ്റ് പെട്രോളിംഗും വേണമെന്ന് വാർഡ് മെമ്പർ പി.എസ്. ജിനേഷ് പറഞ്ഞു.