
പെരിന്തൽമണ്ണ: കുറുവ വില്ലേജിലെ പൂക്കോട് പ്രദേശത്തുള്ള രണ്ടു ചെങ്കൽ ക്വാറികളിൽ റവന്യൂ സംഘം പരിശോധന നടത്തി. മലപ്പുറം അസി: കളക്ടർ സഫ്ന നസിറുദ്ധീൻ, പെരിന്തൽമണ്ണ തഹസിൽദാർ കെ. ദേവകി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി
തഹസിൽദാർമാരായ മണികണ്ഠൻ, അബ്ദുൽറഷീദ്, ജയ്‌സെന്റ് മാത്യു, താലൂക്ക് ഓഫീസിലെ വിജേഷ്, അമൃതരാജ്, കുറുവ വില്ലേജ് ഓഫീസർ
ബിട്ടു ജോസഫ്, വില്ലേജ് ഓഫീസ് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ടും രാത്രിയുമായി നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്താൻ ഉപയോഗിച്ച കൽവെട്ട് യന്ത്രങ്ങളും ടിപ്പറുകളും ജെ.സി.ബികളും പിടിച്ചെടുത്തു. രാത്രിയോടെ കൊളത്തൂർ പൊലീസും സ്ഥലത്തെത്തി. 15 ടിപ്പറുകളും രണ്ട് ജെ.സി.ബിയും അഞ്ച് കല്ലുവെട്ട് യന്ത്രങ്ങളുമാണ് പിടിച്ചെടുത്തത്. അനധികൃത കരിങ്കൽ ഖനനത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് അസി: കലക്ടറും തഹസിൽദാറും അറിയിച്ചു.
അനധികൃത ചെങ്കൽ ഖനനം വ്യാപകമായ സാഹചര്യത്തിൽ ജില്ലാ ജിയോളജിക്കൽ ഓഫീസറെയും ക്വാറിയുടമകളേയും അസിസ്റ്റന്റ് കളക്ടർ വിളിച്ചു വരുത്തി.