മലപ്പുറം: കിലോമീറ്ററുകൾ താണ്ടി സ്കൂളിലെത്തണം, വല്ലപ്പോഴും വരുന്ന സ്വകാര്യ ബസിന് കാത്തിരുന്നാൽ ക്ലാസ് മുടങ്ങിയത് മിച്ചം. സ്കൂളിലെ പഠനത്തിനിടക്കുള്ള ഇടവേളകളിൽ കളിക്കാമെന്ന് വെച്ചാൽ മൈതാനവുമില്ല. ഊർങ്ങാട്ടിരി ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ദുരവസ്ഥയാണിത്. ജില്ലയിൽ നിരവധി സ്കൂളുകൾ നവീകരണം പൂർത്തിയാക്കി ഹൈടെക് സ്കൂളുകളായെന്ന ഖ്യാതി ഉയർത്തുമ്പോഴും ആദിവാസി മേഖലയിലെ സ്കൂളുകളുടെ ദുരിതങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. മിക്ക സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനായി ഒന്നിൽ കൂടുതൽ ബസുകളുള്ളപ്പോൾ ഓടക്കയം യു.പി സ്കൂളിൽ വാഹന സൗകര്യം തന്നെ ഇല്ലാതായ അവസ്ഥയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന ലക്ഷ്യവുമായി വാർഡ് പ്രതിനിധികളും സ്കൂൾ ഭാരവാഹികളും രംഗത്തുണ്ടെങ്കിലും ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും മട്ടിലാണ് സർക്കാർ സംവിധാനങ്ങൾ.
86ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഓടക്കയം ഗവ. യു.പി സ്കൂളിൽ വാഹന സൗകര്യം നിലച്ചിട്ട് ഒന്നരവർഷമായി. കുരീരി, പനംപിലാവ്, നെല്ലിയായി, കക്കാടംപൊയിൽ തുടങ്ങിയ ആദിവാസി മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഗണിച്ച് ഗോത്രാ സാരഥി പദ്ധതിയിലൂടെ നിലമ്പൂർ ഐ.ടി.ഡി.പി വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ജീപ്പിലായിരുന്നു വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് ഐ.ടി.ഡി.പി ഊർങ്ങാട്ടിരി പഞ്ചായത്തിനെ പദ്ധതി ഏൽപ്പിച്ചിരുന്നെങ്കിലും പദ്ധതി നിലച്ചുപോയി.
കഴിഞ്ഞ ദിവസം സ്കൂളുകൾ പൂർണമായും തുറന്ന സമയത്ത് വാഹനസൗകര്യവും തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കളും അദ്ധ്യാപകരും. എന്നാൽ പുസ്തക കെട്ടുകളുമായി സ്കൂളിലേക്ക് കിലോമീറ്ററുകൾ നടന്നെത്തേണ്ട സ്ഥിതിയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികൃതരോട് അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
സ്കൂളിലെ കളിസ്ഥലത്തേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് മറ്റൊരു പ്രശ്നം. മൈതാനത്തോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് നിന്നും ഉറവ വഴി വരുന്ന വെള്ളം മൈതാനത്ത് നിറയുന്ന അവസ്ഥയാണ്. ഇതു മൂലം കുട്ടികൾക്ക് കളിക്കാനോ മൈതാനത്ത് പരിപാടികൾ സംഘടിപ്പിക്കാനോ സാധിക്കാറില്ല. ഡ്രൈനേജ് സംവിധാനമുണ്ടാക്കി വെള്ളം ഒഴുക്കിവിടണമെന്ന ആവശ്യവും പി.ടി.എയും വാർഡ് മെമ്പറും നിരന്തരമായി ഉന്നയിക്കുന്നുണ്ടെങ്കിലും തൽസ്ഥിതി തുടരുകയാണ്.
ഹോസ്റ്റലിൽ ഇനി പ്രതീക്ഷയില്ല
യു.പി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികൾക്കായി 1995ൽ ഐ.ടി.ഡി.പി നിർമിച്ച ഹോസ്റ്റൽ കെട്ടിടം വെറും മൂന്ന് വർഷം കൊണ്ട് നിലം പൊത്തിയിരുന്നു. താത്ക്കാലികമായി വാടകയ്ക്ക് കുട്ടികളെ താമസിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ കെട്ടിടവും ഒഴിയേണ്ടി വന്നു. ഇപ്പോൾ ഒരു വർഷത്തിലേറെയായി താമസ സൗകര്യമില്ല. മറ്റൊരു വീട് കണ്ടെത്തി ഐ.ടി.ഡി.പിയെ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ ജിനേഷ് പറഞ്ഞു. എന്നാൽ പഞ്ചായത്ത് കണ്ടെത്തിയ വീട് താമസയോഗ്യമല്ലെന്നാണ് ട്രൈബൽ അധികൃതരുടെ പക്ഷം. ഹോസ്റ്റൽ സൗകര്യം ലഭിച്ചാൽ ഗോത്ര സാരഥിയുടെ ആവശ്യമില്ല. എന്നാലിപ്പോൾ വാഹന സൗകര്യവും താമസസൗകര്യവും ഇല്ലാത്ത അവസ്ഥയാണ്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 15ഓളം വിദ്യാർത്ഥികളാണ് സ്കൂൾ മാറിപോയത്.
കളിക്കാൻ ഒരിത്തിരി സ്ഥലം തരുമോ ?
ഊർങ്ങാട്ടിരിയിലെ ഏക സർക്കാർ ഹൈസ്കൂളായ വെറ്റിലപ്പാറ സകൂളിൽ നാളിത് വരെയായിട്ടും കളി സ്ഥലമൊരുക്കാനായിട്ടില്ല. ഓടക്കയം, തോട്ടുമുക്കം, വടക്കുമുറി, വെറ്റിലപ്പാറ, കിണറടപ്പൻ, കക്കാടംപോയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കിലോമീറ്ററുകൾ അപ്പുറത്തുള്ള അരീക്കോട് തെരട്ടമ്മൽ മൈതാനത്തെയാണ് സ്കൂളിലെ കായിക മത്സരങ്ങൾക്ക് ആശ്രയിക്കാറുള്ളത്. കായിക പരിശീലനങ്ങൾക്കും പഠന ഇടവേളകളിലെ വിനോദത്തിനും വിദ്യാർത്ഥികൾക്ക് യാതൊരുവിധ നിർവാഹവുമില്ല. സ്കൂളിന്റെ പിറകുവശത്തായി ഏക്കറുകണക്കിന് പുറംപോക്ക് ഭൂമിയുണ്ട്. ഇതിൽ നിന്നും ആവശ്യമായ ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് സകൂളിന്റെ കളിസ്ഥലമാക്കണമെന്ന് വാർഡ് മെമ്പർ ബഷീർ പഞ്ചായത്തിനെ അറിയിച്ചിരുന്നു.
അതേസമയം പുറംപോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ആവശ്യമറിയിച്ച് പഞ്ചായത്തിന് നിവേദനങ്ങൾ നൽകിയതല്ലാതെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.