d
മീനടത്തൂർ റെയിൽവേ മേൽപ്പാലത്തിലെ തെരുവുവിളക്കുകൾ

താനൂർ: മൂച്ചിക്കൽ മീനടത്തൂർ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ മുകളിലുള്ള വിളക്കുകൾ പ്രവർത്തിക്കാതെയായിട്ട് വർഷങ്ങൾ. 2004 ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്ത ഈ റെയിൽവേ മേൽപ്പാലത്തിൽ രാത്രികാലങ്ങളിൽ ഇരുട്ടായതിനാൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടസാധ്യതയേറെയാണ്. പാലത്തിന്റെ മുകളിൽ വാഹനാപകടങ്ങളും നിത്യസംഭവമാണ്. ഈയിടെ രാത്രിയിലുണ്ടായ വാഹനാപകടത്തിൽ തകർന്ന മേൽപ്പാലത്തിന്റെ കൈവരികൾ നന്നാക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഈ ഭാഗങ്ങളിൽ കൂടുതൽ അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്.

പാലം ഉദ്ഘാടനത്തെ തുടർന്ന് മേൽപാലത്തിന് മുകളിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാമെന്ന് താനാളൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനായി വിളക്കുകാലുകൾ സ്ഥാപിക്കുകയും ലൈറ്റുകൾ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടക്കത്തിലെ ഉന്മേഷം പിന്നീടുണ്ടായില്ല. വൈദ്യുതചാർജ് അടക്കാനുള്ള ഭാരിച്ച ചെലവ് സൂചിപ്പിച്ച് വർഷങ്ങളായി ലൈറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രവർത്തിപ്പിക്കുന്നില്ല. ഇതോടെ വിളക്കുകാലുകൾ നോക്കുകുത്തികളായി.

വിളക്കുകാലുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചാൽ ആ ഇനത്തിൽ ലഭിക്കുന്ന ഫണ്ട് സ്ട്രീറ്റ് ലൈറ്റുകളുടെ വൈദ്യുതിബില്ലിനായി ഉപയോഗിക്കാമെന്ന സാധ്യത ഭരണസമിതി ഉപയോഗപ്പെടുത്തുന്നില്ല.

തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമായാൽ രാത്രികാലങ്ങളിൽ ഉപയോഗപ്പെടുന്നതിന് പുറമേ സായാഹ്ന, പ്രഭാത വ്യായാമത്തിന് ഇറങ്ങുന്ന സ്ത്രീകളടക്കമുള്ളവർക്ക് ഓവർബ്രിഡ്ജിനു മുകളിലുള്ള ഫുട്പാത്ത് സുരക്ഷിതമായി ഉപയോഗിക്കാനും സാധിക്കും

പാലം ഒഴികെ പെരുവഴിയമ്പലം മുതൽ മൂലക്കൽ വരെയുള്ള ഗ്രാമപഞ്ചായത്ത് പ്രധാന റോഡിൽ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാണ്.

പാലത്തിനു മുകളിലെ ലൈറ്റുകൾ കത്തിക്കണമെന്ന ജനകീയ ആവശ്യം ഇപ്പോൾ ശക്തമാണ്.