c
എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ പ്രതിയ്ക്കൊപ്പം

കുറ്റിപ്പുറം: എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയിരുന്ന 6.145കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി,​ തിരുവേഗപ്പുറ,​ കൈപ്പുറം ദേശത്ത് നമ്പ്യാർതൊടിയിൽ വീട്ടിൽ അബൂബക്കർ മകൻ അഫ്സലിനെയാണ് (30)​ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം വളാഞ്ചേരി റോഡിൽ കെ.എൽ 52 ആർ 3448 നമ്പർ മരുതി സ്വിഫ്റ്റ് കാറിൽ കുറ്റിപ്പുറം തിരൂർ ഭാഗങ്ങളിൽ വില്പനക്കായ് കൊണ്ടുവരുമ്പോഴാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലാകുന്നത്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് കുറ്റിപ്പുറം എക്‌സ്സൈസ് ഇൻസ്‌പെക്ടർ സാദിഖ് പറഞ്ഞു.

തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് എക്‌സൈസ് വലിയതോതിൽ കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞ ശനി,​ഞായർ ദിവസങ്ങളിൽ മലപ്പുറം സ്‌ക്വാഡിൽ 9കിലോ കഞ്ചാവുമായി എടപറ്റ ഓലപ്പാറ സക്കീർ ഹുസൈനെയും പൊന്നാനി റേഞ്ചിൽ 10കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെയും പിടികൂടിയിരുന്നു.

ഉത്തര മേഖലാ സ്‌ക്വാഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്, അസി.എക്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ,​ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ കെ. ഷിബുശങ്കർ, കെ. പ്രദീപ് കുമാർ,​ സിവിൽ എക്‌സ്സൈസ് ഓഫീസർമാർ,​ കുറ്റിപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ രാമൻകുട്ടി, മുരുകൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.