
പൊന്നാനി: കാലിക്കറ്റ് സർവകലാശാല പ്രൈവറ്റ്, വിദൂര വിഭാഗം വിദ്യാർത്ഥികളുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചത് മൂന്നു തവണ. ഇതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ. ഒരാഴ്ച മുമ്പാണ് ബി.കോം, ബി.എ അടക്കമുള്ള ഡിഗ്രി വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചത്. ഇതിൽ ബി.കോമിന്റെ ഓഡിറ്റിംഗ് പേപ്പറിന്റെ പരീക്ഷ ഇതുവരെ നടന്നിട്ടുപോലുമില്ല. ഇതിനിടെയാണ് ഫലം പുറത്തുവിട്ടത്. രണ്ട് ദിവസത്തിനു ശേഷം എഴുതാത്ത ഓഡിറ്റിംഗിന്റെ റിസൾട്ട് അടക്കമാണ് പിന്നെ ഫലം വന്നത്. എല്ലാ കുട്ടികൾക്കും സ്‌കോർ പൂജ്യമായിരുന്നു. പിഴവ് അധികൃതരോട് വിദ്യാർത്ഥികൾ തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ മൂന്നാമതും ഫലം പുറത്തുവിട്ടു .ഇതിൽ ഓഡിറ്റിംഗിന്റെ മാർക്ക് ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നു തവണ മാറി വന്ന ഫലത്തിലും പല വിദ്യാർത്ഥികൾക്കും പല രീതിയിലുള്ള സ്‌കോറുകളാണ് ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികൾ ആശയക്കുഴപ്പത്തിലായി. മൂന്നാം തവണ പ്രസിദ്ധീകരിച്ച ഫലമാണ് യഥാർത്ഥ ഫലമെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്.
എഴുതാത്ത ഓഡിറ്റിംഗ് പരീക്ഷയുടെ റിസൾട്ട് എഴുതിച്ചേർത്തത് സാങ്കേതിക പിഴവാണെന്നാണ് യുണിവേഴ്സിറ്റി അധികൃതരുടെ വിശദീകരണം.