
മലപ്പുറം: പകർച്ചവ്യാധികൾ പിടിപെടുന്നവർക്കായി ജില്ലയിലെ 16 സർക്കാർ ആശുപത്രികളിൽ സ്ഥിരാടിസ്ഥാനത്തിൽ പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു സ്ഥിരം ഐസൊലേഷൻ കേന്ദ്രമെന്ന ലക്ഷ്യവുമായാണ് ആരോഗ്യ വകുപ്പ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നേരത്തെ നിപയും പിന്നീട് കൊവിഡും സ്ഥിരീകരിച്ചപ്പോഴെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലിക ഐസൊലേഷൻ വാർഡുകൾ ഒരുക്കുകയായിരുന്നു. നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും സ്ഥിരാടിസ്ഥാനത്തിലുള്ളതല്ല. കൊവിഡ് വ്യാപനം കൂടുമ്പോൾ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുകയും പിന്നീട് എണ്ണം കുറയ്ക്കുകയുമാണ് ചെയ്യുന്നത്. പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന പശ്ചാത്തലത്തിൽ സ്ഥിരം ഐസൊലേഷൻ കേന്ദ്രങ്ങൾ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
90 ആശുപത്രികളിൽ 16 എണ്ണം മലപ്പുറത്ത്
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 90 ആശുപത്രികളെ തിരഞ്ഞെടുത്തപ്പോൾ ഇതിൽ 16 എണ്ണം മലപ്പുറത്താണ്. 35 ആശുപത്രികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.
സ്ഥിരം കേന്ദ്രം ഇവിടങ്ങളിൽ
ഓമനൂർ സി.എച്ച്.സി, എടവണ്ണ സി.എച്ച്.സി, ചുങ്കത്തറ സി.എച്ച്.സി, കരുവാരക്കുണ്ട് സി.എച്ച്.സി, തൃക്കലങ്ങോട് എഫ്.എച്ച്.സി, ആലിപ്പറമ്പ എഫ്.എച്ച്.സി, മങ്കട സി.എച്ച്.സി, പൂക്കോട്ടൂർ പി.എച്ച്.സി, എ.ആർ.നഗർ എഫ്.എച്ച്.സി, സി.എച്ച്.സി പെരുവള്ളൂർ, സി.എച്ച്.സി നെടുവ, താനൂർ സി.എച്ച്.സി, വളവന്നൂർ സി.എച്ച്.സി, വളാഞ്ചേരി എഫ്.എച്ച്.സി, തവനൂർ സി.എച്ച്.സി, പൊന്നാനി മാതൃ ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് സ്ഥിരാടിസ്ഥാനത്തിലുള്ള ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. നിലവിൽ രോഗികളെ കിടത്തി ചികിത്സ നടത്തുന്ന ആശുപത്രികളെയാണ് ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കാൻ തിരഞ്ഞെടുക്കേണ്ടത്. ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി നിയോജക മണ്ഡലത്തിലെ തൃക്കലങ്ങോട് എഫ്.എച്ച്.സിക്ക് പകരം മറ്റൊരു കേന്ദ്രം അന്വേഷിക്കുന്നുണ്ട്. ചില കേന്ദ്രങ്ങളുടെ കാര്യത്തിൽ ഇത്തരത്തിൽ മാറ്റമുണ്ടാവും. കേന്ദ്രങ്ങളുടെ അന്തിമ പട്ടിക കൈമാറാൻ ജില്ലാ അധികൃതരോട് സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ രോഗങ്ങൾ വരുന്ന പശ്ചാത്തലത്തിൽ രോഗികളെ പ്രവേശിപ്പിക്കാൻ സ്ഥിരമായ ഐസൊലേഷൻ കേന്ദ്രം ഒരുക്കുക എന്നതാണ് ലക്ഷ്യം.
- ഡോ.ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ