railway

താനാളൂർ: വട്ടത്താണി പ്രദേശത്ത് നിർമാണം ആരംഭിച്ച റെയിൽവേ സുരക്ഷാഭിത്തി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടയുന്ന വിധം നിർമ്മിക്കുന്നതിനെതിരെ ജനപ്രതിനിധികളും പൊതുജനങ്ങളും ചെന്നൈ സതേൺ റയിൽവേ മാനേജർക്ക് ഭീമ ഹർജി നൽകി. പഞ്ചായത്ത് മെമ്പർ സുലൈമാൻ ചാത്തേരി, മുൻ മെമ്പർ തൈക്കാട്ട് റസാഖ്, മൻസൂർ നെച്ചപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നേരത്തെ പാലക്കാട് റീജണൽ മാനേജർക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച്ച സ്ഥലം സന്ദർശിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പിയോട് നാട്ടുകാർ പരാതി ബോധിപ്പിക്കുകയും പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി, ബ്ലോക്ക് പ്രസിഡന്റ് കെ. സൽമത്ത്, യു.ഡി.എഫ് ജന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടത്തിയത്.
വട്ടത്താണി ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാക്കാത്തതും റെയിൽവേ മതിലിന്റെ കാര്യത്തിലുമുള്ള അധികൃതരുടെ മൗനവും ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.