 
മലപ്പുറം: കാറിൽ ഇന്ധനം തീരെ കുറവാണ്, പെട്രോൾ പമ്പുകളെല്ലാം അടച്ചു. സുരക്ഷിത സ്ഥലത്തേയ്ക്ക് മാറണമെന്ന എംബസിയുടെ നിർദ്ദേശം വീണ്ടും വന്നാൽ എന്ത് ചെയ്യണമെന്ന് അറിയില്ല. യുക്രെയിനെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ കേരളത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ യുക്രെയിൻ തലസ്ഥാനമായ കീവിലെ അപാർട്ട്മെന്റിൽ കഴിയുന്ന മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി മീമ്പറ്റ ആദിൽ (23), പെരിന്തൽമണ്ണ സ്വദേശി അദ്നാൻ (24), തൃശൂർ സ്വദേശികളായ ബബിറ്റോ (26), ഡീഡു ഡേവിസ് (26) എന്നിവർ കേരളകൗമുദിയുമായി പങ്കുവെച്ച ആശങ്കയാണിത്. നിലവിൽ കീവിലെ സാഹചര്യം സമാധാനപരമാണെങ്കിലും ഏത് നിമിഷവും കാര്യങ്ങൾ മാറാം. കീവിൽ നിന്നും 546 കിലോമീറ്റർ ദൂരമുള്ള സുരക്ഷിത നഗരമായ ലെവീവിലേക്ക് മാറണമെന്ന് ഇന്നലെ ഉച്ചയോടെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കീവിൽ തുടരാൻ അറിയിപ്പെത്തി. ഇനിയൊരു നിർദ്ദേശം വന്നാൽ ലെവീവിലേക്ക് എത്താനുള്ള ഇന്ധനം ഇവരുടെ കാറിലില്ല. എ.ടി.എമ്മിൽ നിന്ന് പണം ശേഖരിക്കാനും ആവശ്യമായ രേഖകളുമായി സജ്ജമാവാനും എംബസി അറിയിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറുകളിലെ തിരക്ക് മൂലം പണമെടുക്കാൻ കഴിഞ്ഞിട്ടില്ല.കീവിൽ നിന്നും 350 കിലോമീറ്റർ ദൂരെയുള്ള കാർക്കീവിലെ പോൾട്ടാവ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ആദിൽ. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് താമസിക്കാറുള്ളത്. വെക്കേഷനായതിനാൽ കൂട്ടുകാരോടൊപ്പം കീവിലെ അപ്പാർട്ട്മെന്റിൽ കഴിയാനെത്തിയതാണ്. മറ്റ് മൂന്ന് പേരും കീവിൽ ജോലി ചെയ്യുന്നവരാണ്.ഭക്ഷ്യ സാധനങ്ങൾ തൊട്ടടുത്തുള്ള മാർക്കറ്റിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
ടിക്കറ്റിന് തീവില
യുക്രെയിനിൽ നിന്ന് മടങ്ങാനുള്ള എംബസിയുടെ അറിയിപ്പ് ലഭിച്ചത് മുതൽ കേരളത്തിലേക്ക് വിമാന ടിക്കറ്റെടുക്കാൻ ശ്രമിച്ചിരുന്നു. ഉയർന്ന നിരക്ക് കാരണം കഴിഞ്ഞില്ല. 55,000 രൂപയ്ക്ക് മുകളിലായിരുന്നു നിരക്ക്. പ്രത്യേക വിമാനം സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണിവർ.